ഇന്ത്യൻ പൗരന്മാർക്കുള്ള യാത്രാ നിയമങ്ങളിൽ ഇളവ് വരുത്തി അർജന്റീന. ഇനി പ്രത്യേക അർജന്റീനിയൻ വിസയ്ക്ക് അപേക്ഷിക്കാതെ ഈ തെക്കേ അമേരിക്കൻ രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ ഇതിലൊരു നിബന്ധനയുണ്ട്. പുതിയ നിയമങ്ങൾ പ്രകാരം, സാധുവായ യുഎസ് ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ യാത്രക്കാർക്കാണ് ഇനി പ്രത്യേക അർജന്റീനിയൻ വിസയ്ക്ക് അപേക്ഷിക്കേണ്ടാത്തതായിട്ടുള്ളത്.
ഇന്ത്യയിലെ അർജന്റീനിയൻ അംബാസഡറായ മരിയാനോ കോസിനോ, എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 'യുഎസ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് അർജന്റീനിയൻ സർക്കാർ എളുപ്പമാക്കിയിരിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് അർജൻ്റീനിയൻ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നു', അദ്ദേഹം പറയുന്നു,
ഉഭയകക്ഷി ബന്ധങ്ങൾക്കും വിനോദസഞ്ചാരത്തിനും ഇതൊരു നല്ല ചുവടുവെപ്പാണെന്ന് മരിയാനോ കോസിനോ വിശേഷിപ്പിച്ചു. ഇത് അർജന്റീനയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ സന്തോഷകരമായ വാർത്തയാണ്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ഞങ്ങളുടെ മനോഹരമായ രാജ്യത്തേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അർജന്റീനയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ നടപടി, യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധുവായ യുഎസ് ടൂറിസ്റ്റ് വിസ കൈവശമുണ്ടെങ്കിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇപ്പോൾ വിസ രഹിത പ്രവേശനം ആസ്വദിക്കാം. ഇത് അർജന്റീനയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ സമയവും പ്രയത്നവും ലാഭിക്കാൻ സഹായിക്കുന്നു.