പോൺ സൈറ്റുകളും, മറ്റ് വയലന്റായ ഉള്ളടക്കങ്ങൾ കാണുന്നതിന് 18 വയസ്സ് കഴിഞ്ഞവരാണെന്ന് തെളിയിക്കേണ്ടത് നിർബന്ധമാണെന്ന നിർണായക ഓൺലൈൻ നിയമങ്ങളുമായി ബ്രിട്ടൻ. ജൂലൈ 25ന് പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, പ്രായം സ്വയം പ്രഖ്യാപിക്കുന്ന ചെക്ക് ബോക്സുകൾക്ക് പകരം ഫേസ് സ്‌കാനുകൾ, തിരിച്ചറിയൽ രേഖകളുടെ അപ്ലോഡുകൾ, ക്രെഡിറ്റ് കാർഡ് പരിശോധനകൾ എന്നിവ പോലുള്ള കർശനമായ നിബന്ധനകളാണ് വരുന്നത്. ഈ നീക്കം ഇന്ത്യയെയും ബാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സൈബർ ലോകം.
പോൺഹബ്, എക്സ്, റെഡ്‌ഡിറ്റ് തുടങ്ങിയ പ്രധാന വെബ്സൈറ്റുകൾ ഇതിനോടകം പുതിയ നിയമങ്ങൾ പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഓഫ്കോമിന്റെ കണക്കുകൾ പ്രകാരം, 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളിൽ ഏകദേശം 8% പേർ ഒരു മാസത്തിനുള്ളിൽ ഓൺലൈൻ പോൺ സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ട്. 13-14 വയസ്സുകാരിൽ ഇത് 15% ആണ്. 13-14 വയസ്സുള്ള ആൺകുട്ടികളാണ് പെൺകുട്ടികളെ അപേക്ഷിച്ച് ഇത്തരം സൈറ്റുകൾ കൂടുതൽ സന്ദർശിക്കുന്നത് (19% vs 11%). യുകെയിലെ മുതിർന്നവരിൽ ഏകദേശം 29% (1.38 കോടി) പേർ ഓൺലൈൻ പോൺ ഉപയോഗിക്കുന്നതായും ഓഫ്കോം പറയുന്നു.