തലയോലപ്പറമ്പ്: ബേപ്പൂർ സുൽത്താൻ്റെ നാട്ടിൽ പ്രിയപ്പെട്ട മറ്റൊരു കഥാപാത്രമായി മാറിയ സി.ഐ.ഡി ഭായി എന്ന ബാൽകിഷൻ സിംഗ് അന്തരിച്ചു.മൂന്നര പതിറ്റാണ്ടിനു മുമ്പ് തലയോലപ്പറമ്പിലെ തെരുവുകളിൽ നീണ്ട താടിയും തലയിൽ കെട്ടും കയ്യിൽ ഒരു വടിയുമായി പ്രത്യക്ഷപ്പെട്ട ഭായ് ഏതോ കേസ് അന്വേഷണത്തിന് എത്തിയ സി.ഐഡി ആണെന്ന് മുതിർന്നവരും കുട്ടികളും വിശ്വസിച്ചു.
മുൻപ് ഏതോഭ്രാന്തന്റെ വേഷത്തിലെത്തിയ ഒരു.സി.ഐ.ഡി തലയോലപ്പറമ്പിൽ കള്ളനോട്ട് കേസ് തെളിയിച്ചതും, പ്രേംനസീർ വേഷപ്രച്ഛന്നനായി കേസുകൾ തെളിയിക്കുന്ന സി.ഐ.ഡി വേഷത്തിലുള്ള സിനിമകൾ ശ്രദ്ധിക്കപ്പെട്ടതും സുന്ദരനായ ഭായിയെ സി.ഐ.ഡി.യായി വിശ്വസിക്കാൻ കാരണമായി.
മുളന്തുരുത്തി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പഴ്സ് കളഞ്ഞു കിട്ടിയപ്പോൾ അടുത്തുള്ള കടയിൽ ഏൽപ്പിച്ച് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു.
ഉടമ പാരിതോഷികം നൽകിയെങ്കിലും ഭായി സ്നേഹപൂർവ്വം നിരസിച്ചു ....
ഭായിയുടെ ചിത്രം തലയോലപ്പറമ്പിലെ ഒരു സ്റ്റുഡിയോയുടെ പരസ്യചിത്രമാക്കിയതോടെ ഏറെ ശ്രദ്ധേയനായി.
പുലർച്ചെ മൂവാറ്റുപുഴയിൽ കുളിച്ചതിനു ശേഷം മുഷിഞ്ഞ വേഷഷം ധരിച്ച് കയ്യിൽ ഒരു വടിയുമായി തെരുവിലേക്ക് ഇറങ്ങും .വീടുകളിൽ നിന്നും ,കടകളിൽ നിന്നും നാട്ടുകാർ സ്നേഹപൂർവ്വം നൽകുന്ന ഭക്ഷണം കഴിച്ച് തെരുവോരത്ത് അന്തിയുറക്കം....
2021 ജനുവരി 25ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പോലീസും ജനപ്രതിനിധികളും ഇടപെട്ട് എറണാകുളം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായ ഭായി തലയോലപ്പറമ്പിലേക്ക് എത്താൻ അറിയാതെ എറണാകുളം വില്ലിംഗ്ടൺ ഐലൻ്റ് ഭാഗത്തു കൂടി അലഞ്ഞു നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ജോബി പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെ
തുടർന്ന് സാമൂഹ്യപ്രവർത്തകനായ അഡ്വ: ഫിറോസ് മാവുങ്കലും, സുഹൃത്ത് ഷിഹാബും ചേർന്ന് ഭായിയെ തലയോലപ്പറമ്പിലേക്ക് കൂട്ടിക്കൊണ്ടുവന്നു....
വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കടന്നുപോകുന്ന അദ്ദേഹത്തിന് തെരുവ് സുരക്ഷിതമല്ല എന്ന് മനസ്സിലാക്കിയ ഇവർ വല്ലകം ജീവനിലയത്തിൻ്റെ സംരക്ഷണത്തിലേക്ക് എത്തിച്ചു. സാമൂഹ്യപ്രവർത്തകനായ അഡ്വ: ഫിറോസ് മാവുങ്കൽ, തലയോലപ്പറമ്പ് ഹോം ഗാർഡും കാരുണ്യ പ്രവർത്തനവുമായ സജികുമാർ , കാർലിൻ സ്റ്റുഡിയോ ഉടമ ചാർലി ജോസഫ് ,നിയാസ് തെക്കുംവനത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് എസ്. എച്ച്. ഒ .പി.എസ് ഷിജുവിന്റെ പിന്തുണയോടെയാണ് ഭായിയെ ജീവനിലയത്തിൽ എത്തിച്ചത്.
അന്വേഷിച്ചു വരാൻ ഉറ്റവരായി ആരുമില്ലെങ്കിലും വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ 72 മണിക്കൂർ ബന്ധുക്കൾക്കായുള്ള നിയമപരമായ കാത്തിരിപ്പിനുശേഷം ചൊവ്വാഴ്ച വൈക്കം മുനിസിപ്പൽ പൊതുശ്മശാനത്തിൽ സാമൂഹ്യ പ്രവർത്തകനായ അഡ്വക്കേറ്റ് ഫിറോസ് മാവുങ്കൽ ചിതയ്ക്ക് തീ കൊളുത്തി. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇതുപോലുള്ള ഒരു സംസ്കാര ചടങ്ങ് നടക്കുന്നത്.