ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടു വിമർശനം തുടർന്നുകൊണ്ടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്.ജാനകി എന്ന പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ഹൈക്കോടതി.
ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നൽകുന്നതിൽ എന്തു സാഹചര്യത്തിലാണ് പ്രശ്നമെന്നും അറിയിക്കാന്‍ ജസ്റ്റിസ് എൻ.നഗരേഷ് സെൻസർ ബോർഡിനോടു നിർദേശിച്ചു. സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണം എന്നുമൊക്കെ കലാകാരനോട് സെൻസർ ബോർഡ് നിർദേശിക്കുകയാണോയെന്നും കോടതി ചോദിച്ചു.
മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് ഇന്നും സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ടത് എന്നായിരുന്നു സെൻസർ ബോർഡിന്റെ മറുപടി. എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്. അത് ഹിന്ദുവാണെങ്കിലും ക്രൈസ്തവരാണെങ്കിലും മുസ്‍ലിമാണെങ്കിലും 80 ശതമാനം പേരുകള്‍ക്കും അതുണ്ട്. സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു. ‘നിക്ഷ്പക്ഷ’മായ ഒരു പേര് ഇടാമല്ലോ എന്നാണ് സെൻസർ ബോർഡ് ഇതിനു മറുപടിയായി പറഞ്ഞത്. എന്നാൽ എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങള്‍ നിർദേശിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്, നിങ്ങൾക്കതിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.