Drisya TV | Malayalam News

രാജ്യസുരക്ഷയ്ക്ക് ഭീഷണി,വിദേശ നിർമിത റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും വിലക്കേർപ്പെടുത്തി അമേരിക്ക

 Web Desk    29 Jul 2026

ദേശീയ സുരക്ഷയും സൈബർ സുരക്ഷാ ഭീഷണികളും മുൻനിർത്തി വിദേശ നിർമിത അഡ്വാൻസ്ഡ് റോബോട്ടുകൾക്കും പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക വിലക്കേർപ്പെടുത്തി. യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഹ്യുമനോയിഡ്, നാല് കാലുകളുള്ള റോബോട്ടുകൾ ഉൾപ്പെടെയുള്ള വികസിത റോബോട്ടുകളുടെ ഇറക്കുമതിക്ക് നിരോധനം ബാധകമാണ്. ചൈനയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഭീഷണികൾ ഒഴിവാക്കാനും രാജ്യത്തിനുള്ളിലെ റോബോട്ടിക് നിർമാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നടപടി.

എഫ്‌സിസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വയം ചലനശേഷി, തടസങ്ങൾ ഒഴിവാക്കാനുള്ള ശേഷി, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായുള്ള ചിപ്പ്, സെൻസറുകൾ എന്നിവയുള്ളതും 4.4 പൗണ്ടിൽ കൂടുതൽ ഭാരമുള്ളതുമായ ഏത് യന്ത്രവും ഈ നിരോധനത്തിന്റെ പരിധിയിൽ വരും. ഭാവിയിൽ വിപണിയിലെത്തുന്ന റോബോട്ട് വാക്വമുകൾ പോലും ഇതിന്റെ ഭാഗമായേക്കാം.

ലോകത്തെ പ്രമുഖ പവർ ഇൻവേർട്ടർ നിർമാതാക്കളായ സങ്ഗ്രോയുടെയും നേരത്തേ കരിമ്പട്ടികയിൽപ്പെടുത്തിയ വാവെയുടെയും ആസ്ഥാനവും ചൈനയാണ്. സോളാർ പാനലുകളിലും മറ്റ് പുനരുപയോഗ ഊർജ സംവിധാനങ്ങളിലും ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. "അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണത്തിനും സുപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾക്ക് തടസം സൃഷ്ടിക്കാനും ഇത്തരം റോബോട്ടുകൾ ഉപയോഗിച്ചേക്കാമെന്നും അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ സുരക്ഷയ്ക്കോ യു.എസ്. പൗരന്മാരുടെ സുരക്ഷയ്ക്കോ അംഗീകരിക്കാനാവാത്ത ഭീഷണി ഉയർത്തുന്നു" എന്നുമാണ് നിരോധനത്തിന് കാരണമായി എഫ്.സി.സി. പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

  • Share This Article
Drisya TV | Malayalam News