പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പിഴവുണ്ടായെന്ന് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനു ശേഷമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി വി.എസ്.ജയലാൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്, പിഎസ്‌സി ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിരിക്കുന്നത്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൾക്കു വേണ്ടി ഒത്തുകളിയുണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.അതിനു വേണ്ടി മൂല്യനിർണയത്തിൽ മനഃപൂർവം പിഴവു വരുത്തി.പിഴവുണ്ടായിരുന്നില്ലെങ്കിൽ, നിലവിലെ ഒന്നാം റാങ്കുകാരൻ റാങ്കു പട്ടികയിൽത്തന്നെ ഉണ്ടാവില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
നിലവിലുള്ള എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്സി ഉദ്യോഗസ്ഥർ എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിൽ എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകും.