പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 9 നോട്ടിസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു.
"ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 ലംഘിച്ചതായി കാണിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്‌ഥാനത്തിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 9 നോട്ടിസുകൾ അയച്ചു'-എഫ്എസ്എസ്എഐ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി കാലാവധി കഴിഞ്ഞതും, കേടായതും,ചീഞ്ഞതും, മലിനമായതും,ഉപയോഗ ശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതായാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടിരിക്കുന്നതെന്നും എഫ്എസ്എസ്എഐ പറഞ്ഞു.
വിശദീകരണവും തുടർനടപടി പ്ലാറ്റ്ഫോമിനോട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മലിനമായ മുട്ടകളും, പാലും, കേടായ പാക്കറ്റ് ഭക്ഷണങ്ങളും ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്തതായും പരാതികളിലുണ്ട്.
തെറ്റായ, നിലവിലില്ലാത്ത എഫ്എസ്എസ്എഐ ലൈസൻസ് നമ്പറുകൾ ഉപയോഗിക്കുന്നതായും അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതികൾ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തൃപ്തികരമായ മറുപടിയോ പരിഹാരമോ ഉണ്ടായില്ലെന്ന് ചില പരാതികളിൽ പറയുന്നു. ഒരു പരാതിക്കാരന്, പരാതി പരിഹരിക്കാതെ പണം തിരികെ നൽകാമെന്ന വാഗ്ദാനം മാത്രമാണ് ലഭിച്ചതെന്നും എഫ്എസ്എസ്എഐ അറിയിച്ചു.