Drisya TV | Malayalam News

ലോകത്തിലെ ഏറ്റവും മികച്ച ചായയെന്ന പദവി ഇന്ത്യൻ മസാല ചായക്ക്

 Web Desk    8 Jun 2026

പ്രശസ്ത അന്താരാഷ്ട്ര ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' ലോകത്തിലെ ഏറ്റവും മികച്ച 100 ചായകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ, അതിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ സ്വന്തം 'മസാല ചായ'യാണ്.

മസാല ചായ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേറെയും ചായകൾ ഈ പട്ടികയിൽ മികച്ച സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സുഗന്ധം കൊണ്ട് ലോകം കീഴടക്കിയ ഡാർജിലിങ് ചായ ആറാം സ്ഥാനത്തും, കടുപ്പമേറിയ അസം ചായ 13-ാം സ്ഥാനത്തുമുണ്ട്. കൂടാതെ നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട സുലൈമാനി 39-ാം സ്ഥാനവും, ഹിമാചൽ പ്രദേശിലെ കാംഗ്ര ചായ 41-ാം സ്ഥാനവും സ്വന്തമാക്കി. കശ്മീരികളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള 'നൂൺ ചായ' 43-ാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ചായ സംസ്കാരം എത്രത്തോളം വൈവിധ്യമാർന്നതാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.

ഇന്ത്യൻ ചായകൾക്ക് കടുത്ത മത്സരം നൽകി മറ്റ് രാജ്യങ്ങളിലെ ചായകളും പട്ടികയിൽ മുന്നിലുണ്ട്. ജപ്പാനിലെ വറുത്ത ഗ്രീൻ ടീ ആയ 'ഹോജിചാ' രണ്ടാം സ്ഥാനത്തും, ശ്രീലങ്കയുടെ പ്രശസ്തമായ 'സിലോൺ ബ്ലാക്ക് ടീ' മൂന്നാം സ്ഥാനത്തുമുണ്ട്. ജപ്പാന്റെ തന്നെ 'സെഞ്ച' നാലാം സ്ഥാനത്തും, ചൈനയിലെ വിഖ്യാതമായ 'പു-എർ' അഞ്ചാം സ്ഥാനത്തും എത്തിനിൽക്കുന്നു. എങ്കിലും ഇവയെയെല്ലാം പിന്തള്ളിയാണ് നമ്മുടെ മസാല ചായ ഒന്നാമതെത്തിയത്.

  • Share This Article
Drisya TV | Malayalam News