Drisya TV | Malayalam News

പുതിയ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

 Web Desk    29 Jul 2026

കൂടുതൽ കർശന നിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്ന ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ വൈകുന്ന രജിസ്ട്രേഷനുകൾക്ക് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിർബന്ധമാക്കുന്ന നിർദേശമാണ് ബില്ലിലുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബിൽ സഭയിൽ അവതരിപ്പിച്ചു.

രജിസ്ട്രേഷൻ വൈകുന്ന കാലയളവ് കണക്കാക്കി ഇരട്ട അനുമതി സംവിധാനമാണ് പുതിയ ബില്ലിൽ ശിപാർശ ചെയ്യുന്നത്. ഒരു വർഷത്തിനും രണ്ടു വർഷത്തിനുമിടയിൽ വൈകുന്ന രജിസ്ട്രേഷനുകൾക്ക് നിലവിലുള്ളതുപോലെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ഡി.എം), സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) അല്ലെങ്കിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നിവരുടെ അനുമതി മതിയാകും. എന്നാൽ രണ്ടു വർഷത്തിൽ കൂടുതൽ വൈകിയ സംഭവങ്ങളിൽ ഇനി എക്സിക്യൂട്ടിവ് അധികാരികൾക്ക് രജിസ്ട്രേഷൻ അനുമതി നൽകാനാകില്ല. ഇത്തരം കേസുകളിൽ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമായേക്കും.

കൃത്യസമയത്ത് ജനന-മരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിവരങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് നിയമം കൂടുതൽ കർശനമാക്കുന്നതെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പുതിയ ബില്ലിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കടുത്ത ബഹളത്തിനിടയിലാണ് കേന്ദ്ര സർക്കാർ ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ചട്ടപ്രകാരം ബില്ലിനെ എതിർക്കാൻ സ്പീക്കർ ഓം ബിർള പ്രതിപക്ഷാംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആരും സംസാരിച്ചില്ല.

1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ 2023ൽ വരുത്തിയ ഭേദഗതിയിലാണ് പുതിയ മാറ്റങ്ങൾ കൂട്ടിച്ചേർക്കുന്നത്. ജൂലൈ 20ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്.

  • Share This Article
Drisya TV | Malayalam News