നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്.രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും.
കഴിഞ്ഞ ഡിസംബർ 25നു പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിൽ നിന്നു രാജ്യത്തെ 46 നഗരങ്ങളിലേക്കു സർവീസുണ്ട്. പ്രതിദിനം 150 സർവീസുകളാണുള്ളത്. 4 ടെർമിനലുകളിൽ ആദ്യത്തേതു മാത്രമാണു തുറന്നത്. 2035ൽ പൂർണ സജ്ജമാക്കാനാണ് അദാനി എയർപോർട്ട് ഹോൾഡിങ്സിന്റെ പദ്ധതി. മുംബൈ വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണു നവിമുംബൈ വിമാനത്താവളം.