Drisya TV | Malayalam News

പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

 Web Desk    29 Jul 2026

പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ചോദ്യക്കടലാസ് ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലാണിത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസ്സാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ബിൽ അവതരിപ്പിച്ചത്. ബില്ലിന്മേലുള്ള ചർച്ചയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ശക്തമായ വാക്പോരിന് ലോക്സഭ സാക്ഷ്യം വഹിച്ചു. സർക്കാർ കൊണ്ടുവന്ന ബില്ലിനു പിന്തുണ കൊടുക്കാൻ തീരുമാനിച്ച പ്രതിപക്ഷം വിദ്യാർഥി സമരത്തെ നേരിട്ട കേന്ദ്ര നടപടി സഭയിൽ ചോദ്യം ചെയ്തു.

അമിത് ഷാ സഭയിലെത്തി മറുപടി പറയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തുടർന്നുണ്ടായ ബഹളത്തിൽ മുങ്ങി പലവട്ടം സഭ നിർത്തിവച്ചെങ്കിലും ഉച്ചയ്ക്കുശേഷം പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ പരിഗണിക്കാതെ പെട്ടെന്നു ബില്ലിലെ ഭേദഗതികൾ വോട്ടിനിടാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ബില്ലിൻമേൽ സംസാരിക്കാനുള്ള അവസരം നൽകിയില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പ്രതിപക്ഷ ബഹളത്തിനിടെയാണു ശബ്ദ വോട്ടോടെ ബിൽ ലോക്സഭ പാസ്സാക്കിയത്. ഇനി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.

  • Share This Article
Drisya TV | Malayalam News