അമ്പതുവർഷം മുമ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെ സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ, അതും വീണ്ടും വരുന്നു.അതിന് കാരണമായത് നാനയും ലോക്ഹീഡ് മാർട്ടിനും ചേർന്ന് നിർമ്മിച്ച പരീക്ഷണ വിമാനം X- 59 ന്റെ വിജയത്തോടെ.
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് യാത്രാ വിമാനം അവസാനമായി യാത്ര ചെയ്തത് 2003 ലാണ്. പല സാങ്കേതിക കാരണങ്ങളാലും അന്ന് കോൺകോഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് ലണ്ടനിൽ നിന്നും പാരീസിൽ നിന്നും ചുരുക്കം ചില അന്താരാഷ്ട്ര നഗരങ്ങളിലേക്കാണ്. ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്കും പാരീസിൽ നിന്ന് ന്യൂയോർക്കിലേക്കുമൊക്കെ. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന ബ്രിട്ടീഷ് എർവേയ്‌സിന്റെ BA002 എന്ന കോൺകോഡ് ജി- ബോഗ് എന്ന വിമാനമാണ് അവസാനമായി സർവീസ് നടത്തിയത്. അത് 2003 ഒക്ടോബർ 24 നായിരുന്നു.
സൂപ്പർസോണിക് വിമാനങ്ങൾ കമേഷ്യൽ സർവീസുകൾ നിർത്താനുണ്ടായ കാരണങ്ങൾ പലതായിരുന്നു. സമുദ്രത്തിന് മുകളിലൂടെയല്ലാതെ ശബ്ദത്തേക്കാൾ വേഗതയിൽ അവക്ക് സഞ്ചരിക്കാൻ അനുമതിയില്ല എന്നതായിരുന്നു പ്രധാന തിരിച്ചടി. ശബ്ദത്തേക്കാൾ വേഗതയിൽ ഒരു വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന സോണിക് ബൂം ജനവാസ കേന്ദ്രങ്ങളേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നതും, വ്യോമഗതാഗതരംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നതുമായിരുന്നു കാരണം. ഇന്ധനം കൂടുതൽ വേണമെന്നതും പാരിസിൽ നടന്ന കോൺകോർഡ് വിമാന അപകടവുമെല്ലാം കാരണം യാത്രക്കാരുടെ ഡിമാൻഡും കുറഞ്ഞു. അങ്ങനെയാണ് കോൺകോർഡ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. 2000 ജൂലൈ 25ന് പാരിസിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്ന വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ തകർന്നു വീണ് 113 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്തംബർ 11 ഭീകരാക്രമണവും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാമാണ് കോൺകോർഡ് സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്.
അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ട നിരോധനം നീക്കി ഭൂഖണ്ഡാന്തര സൂപ്പർസോണിക് വിമാനങ്ങൾ ഇനി വീണ്ടും പറന്ന് തുടങ്ങും. ജൂണിൽ നടത്തിയ രണ്ട് പരീക്ഷണങ്ങളും അനുകൂലമായതോടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പഴയ വിലക്ക് നീക്കാനുള്ള എക്‌സിക്യുട്ടീവ് ഓർഡറിൽ ഒപ്പിട്ടത്.
മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയാണ് പ്രധാനമായും കോൺകോർഡ് വിമാനങ്ങൾ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിച്ചിരുന്നത്. അറ്റ്‌ലാന്റിക് മുറിച്ചു കടക്കാൻ സാധാരണ ജെറ്റ് വിമാനങ്ങൾ എഴ്-എട്ട് മണിക്കൂറെടുക്കുമ്പോൾ സൂപ്പർ സോണിക് വിമാനങ്ങൾ മൂന്നര മണിക്കൂറു മാത്രമേ എടുത്തിരുന്നുള്ളൂ. പക്ഷേ കരയ്ക്ക് മുകളിലെത്തുമ്പോൾ വിമാനം ശബ്ദവേഗതയ്ക്കാൾ കുറച്ച് സഞ്ചരിക്കണം.
പുതിയ നിർദേശ പ്രകാരം, വിമാനങ്ങൾ ശബ്ദത്തേക്കാൾ വേഗതയിൽ പറക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒരു നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ കരയ്ക്ക് മുകളിലൂടെ സഞ്ചരിക്കാം. വിമാനങ്ങളുടെ ശബ്ദപരിധി നിശ്ചയിക്കുന്നതിനുള്ള നിയമങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിലെ ശബ്ദ നിയന്ത്രണങ്ങൾ സംബന്ധിച്ച നിയമങ്ങൾ കൂടി ഉൾപ്പെടുത്തി സൂപ്പർസോണിക് വിമാനങ്ങൾക്കായുള്ള പുതിയ നിയമങ്ങൾ 2027 പകുതിയോടെ നിലവിൽ വന്നേക്കുമെന്നാണ് കരുതുന്നത്.