വർഷങ്ങളായുള്ള ഊഹാപോഹങ്ങൾക്കൊടുവിൽ കൃത്രിമ സൂര്യനെ പ്രകാശിപ്പിക്കാനൊരുങ്ങി ചൈന. ഊർജപ്രതിസന്ധി പരിഹരിക്കാനും കാർഷികമേഖലയ്ക്ക് ഊർജം പകരാനുമായാണ് ഇത്തരമൊരു ആശയവുമായി ചൈന മുന്നോട്ടുവന്നത്. കൃത്രിമ സൂര്യന്‍റെ നിർമാണത്തിനായി സൂപ്പർകണ്ടക്ടിങ് ഫ്യൂഷൻ മാഗ്നറ്റുകൾ ചൈന വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൃത്രിമ സൂര്യൻ 2030ഓടെ ചൈനയ്ക്ക് ഊർജം പകരുമെന്നാണ് പ്രതീക്ഷ.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സാണ് കൃത്രിമ സൂര്യനെ വികസിപ്പിക്കുന്നത്. 21 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള മാഗ്നറ്റിന് 582 ടൺ ഭാരമുണ്ട്. യഥാർഥ സൂര്യനിൽ നടക്കുന്ന പ്രക്രിയയ്ക്ക് സമാനമായ രീതിയിലായിരിക്കും കൃത്രിമ സൂര്യനും പ്രവർത്തിക്കുക. ഹൈഡ്രജൻ ആറ്റങ്ങൾ 10 കോടി ഡിഗ്രി സെൽഷ്യസ് താപനിലയിൽ സംയോജിക്കുമ്പോൾ കാർബൺ മലിനീകരണമില്ലാതെ ശുദ്ധമായ ഊർജം ഉൽപാദിപ്പിക്കപ്പെടും.
മറ്റ് രാജ്യങ്ങളും സമാനമായ പദ്ധതികൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ചൈനയുടെ കൃത്രിമ സൂര്യന്റെ വലിപ്പമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്ലാസ്മയെ സൂപ്പർകണ്ടക്ടർ മാഗ്നറ്റുകളുടെ സഹായത്തോടെ അതിതീവ്ര താപനിലയിൽ നിയന്ത്രിച്ചാണ് കൃത്രിമ സൂര്യൻ പ്രവർത്തിക്കുക. പൂർണമായും 'മെയ്ഡ് ഇൻ ചൈന' പദ്ധതിയാണ് കൃത്രിമ സൂര്യൻ.