ഡിജിപി നിയമനത്തിൽ നിർണായക നീക്കവുമായി സർക്കാർ. എം.ആർ. അജിത് കുമാറിന് പകരം എസ്. ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ജയിൽ മേധാവി സ്ഥാനത്തുള്ള എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പരിശോധിക്കുന്നതായാണ് വിവരം.
ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ ഈ മാസം വിരമിക്കും. ഈ ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കായിരിക്കും പ്രൊമോഷൻ ലഭിക്കുക. നിലവിൽ സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് നീക്കമെത്തിയത്.