പ്രമുഖ അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കോൺസലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിങ് കോൺസലിനെ നിയമിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിങ് കോൺസൽമാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളുടെ ഏകോപന ചുമതല രമേശ് ബാബുവിന് ആയിരിക്കുമെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കേരളവുമായി ബന്ധപ്പെടുന്ന അന്തർസംസ്ഥാന നദീതർക്ക കേസുകളിൽ ഹാജരാകുന്നത് രമേശ് ബാബുവായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജി. പ്രകാശിന് ആയിരുന്നു അന്തർസംസ്ഥാന നദീതർക്ക കേസുകളുടെ ചുമതല. എന്നാൽ, ജി. പ്രകാശിന് സീനിയർ സ്റ്റാൻഡിങ് കോൺസൽ പദവി നൽകിയിരുന്നില്ല.
65 വയസ് കഴിഞ്ഞാൽ സ്റ്റാൻഡിങ് കോൺസൽ പദവിയിൽ നിയമിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സീനിയർ സ്റ്റാൻഡിങ് കോൺസൽ പദവിയിൽ അന്തർസംസ്ഥാന നദീതർക്ക കേസുകൾക്കായി രമേശ് ബാബുവിനെ നിയമിക്കുന്നത്. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. 2001 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും സംസ്ഥാന സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു രമേശ് ബാബു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ സുപ്രീം കോടതിയിലെ അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം.