Drisya TV | Malayalam News

സംസ്ഥാനത്തെ വിജിലൻസ് വകുപ്പ് അടിമുടി മാറ്റംവരുത്തുന്നു

 Web Desk    8 Jul 2026

കേസ് അന്വേഷണത്തിലും ഉദ്യോഗസ്ഥ നിയമനങ്ങളിലുമടക്കം സംസ്ഥാനത്തെ വിജിലൻസ് വകുപ്പ് അടിമുടി മാറ്റംവരുത്തുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കൈക്കൂലി കേസുകളിൽ ഇനി 6 മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം. നിലവിൽ ഒരു വർഷമാണ് സമയപരിധി. കേസ് അന്വേഷണത്തിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ കേന്ദ്ര സേനകളുടെ മാതൃകയിൽ പ്രത്യേക ജാക്കറ്റ് യൂണിഫോമായി ധരിക്കണം. സംസ്ഥാനത്ത് 24 വർഷത്തിനുശേഷം പരിഷ്കരിക്കുന്ന വിജിലൻസ് മാന്വലിലാണ് പുതിയ മാറ്റങ്ങൾ നിർദേശിക്കുന്നത്. മാന്വൽ ഇന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.

ഡിജിപി മനോജ് ഏബ്രഹാം ഡയറക്ടറായി ചുമതലയേറ്റ ശേഷമാണു വിജിലൻസ് പരിഷ്കരണ നടപടി ആരംഭിച്ചത്. അനധികൃത സ്വത്തുസമ്പാദനം കണ്ടെത്താൻ സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങളടങ്ങിയ ‘സ്പാർക്’ പോർട്ടലിലും ഭൂമി ഇടപാടുകൾ നടക്കുന്ന റജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലും വിജിലൻസ് ഇനി നേരിട്ട് പരിശോധന നടത്തും. ഇതിന് സഹായിക്കുന്ന ഓൺലൈൻ സംവിധാനം സജ്ജീകരിക്കും.

വിജിലൻസിൽ പരാതി നൽകാനും അതിന്റെ പുരോഗതി അറിയാനും പൊതുജനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയെന്നും മാന്വലിൽ പറയുന്നു. വിജിലൻസിനു ലഭിക്കുന്ന പരാതികളിൽ 3 മാസത്തിനകം പ്രാഥമിക അന്വേഷണവും 6 മാസത്തിനകം കേസ് അന്വേഷണവും പൂർത്തിയാക്കണമെന്നാണു പുതിയ നിർദേശം.

പൊലീസ് സേനയിൽനിന്ന് വിജിലൻസ് വിഭാഗത്തിലേക്കു ഡപ്യൂട്ടേഷനിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെയാകും ഇനിമുതൽ തിരഞ്ഞെടുക്കുക. സിപിഒ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവരുടെ ഡപ്യൂട്ടേഷൻ കാലാവധി 5 വർഷമായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News