പശ്ചിമേഷ്യയിലെ യുദ്ധഭീഷണി അവസാനിച്ചതോടെ വിമാന കമ്പനികൾ നിർത്തിവച്ച കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കും. ആഴ്ചയിൽ 69 സർവീസുകളാണ് വിവിധ രാജ്യങ്ങളിലേക്ക് പുനരാരംഭിക്കുന്നത്. പ്രതിസന്ധിയെതുടർന്ന് താൽക്കാലികമായി മുടങ്ങിയ സർവീസുകളാണിവ. യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഒന്നുമുതൽ തുടങ്ങുക.
എയർ ഇന്ത്യ എക്സ്സും ഇൻഡിഗോയും അബുദാബി സർവീസുകൾ പുനരാരംഭിച്ചതും ഇൻഡിഗോയുടെ ഫുജൈറ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചതും കണ്ണൂരിന് പുതിയ ഉണർവാകും. പശ്ചിമേഷ്യ പ്രതിസന്ധി കാരണം താൽക്കാലികമായി കുറവുകളോ റദ്ദാക്കലുകളോ നേരിട്ട നിരവധി ഗൾഫ് റൂട്ടുകളും സാധാരണ നിലയിലായിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു സർവീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇൻഡിഗോ ഹൈദരാബാദ് വിമാനങ്ങളും ആരംഭിച്ചു.