കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന് 22ന് തുടക്കമായേക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലേക്ക് നടത്തിയ പരീക്ഷണപ്പറക്കലുകൾ വിജയകരമായതിന് പിന്നാലെയാണ് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ് എന്ന നിലയ്ക്ക് ഔദ്യോഗിക അനുമതികൾ വേഗത്തിൽ നൽകിയും പ്രത്യേക ഇളവുകൾ അനുവദിച്ചുമാണ് സർവീസിന് തുടക്കംകുറിക്കുന്നത്.
നിശ്ചിതസമയത്തിനകം ക്രമീകരണങ്ങൾ പൂർത്തിയായാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡു 22ന് സീപ്ലെയിൻ സർവീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.
മെയ് 13 മുതൽ സിയാലിൽനിന്ന് ലക്ഷദ്വീപിലേക്ക് പരീക്ഷണപ്പറക്കലുകൾ നടത്തി.പൈലറ്റ് ഉൾപ്പെടെ 20 പേർക്ക് യാത്രചെയ്യാവുന്ന 'വൈകിങ് ഡിഎച്ച്സി 6400 ട്വിൻ ഓട്ടർ' വിമാനമാണ് പറത്തിയത്. രണ്ടുമണിക്കൂറിൽ താഴെമാത്രമെടുത്താണ് പറക്കൽ പൂർത്തിയാക്കിയത്. സീപ്ലെയിൻ യാത്രയുടെ സമയക്രമവും നിരക്കുകളും ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 12,000 രൂപയാണ് പ്രതീക്ഷിക്കുന്ന നിരക്ക്. ട്രാവൽ കന്പനികൾ പ്രഖ്യാപിച്ച പാക്കേജിൽ ആളൊന്നിന് 44,000 രൂപ മുതലാണുള്ളത്. പാസ്പോർട്ട് വേണ്ടാ യാത്രയ്ക്ക് ആവശ്യമായ മറ്റ് ഔദ്യോഗ അനുമതികളും സ്വകാര്യസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നു.