അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന 50 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തൽ നടപടികളുടെ ഭാഗമായി പശ്ചിമ ബംഗാളിലേക്ക് അയച്ചതായി തമിഴ്നാട് പൊലിസ് ശനിയാഴ്ച അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ 44 പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ സേലം ജില്ലയിലെ ആറ്റൂർ താലൂക്ക് ഓഫിസ് സമുച്ചയത്തിലുള്ള പ്രത്യേക തടങ്കൽ ക്യാമ്പിലായിരുന്നു പാർപ്പിച്ചിരുന്നത്.
ഔദ്യോഗിക നാടുകടത്തൽ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ജൂലൈ 3-ന് കർശന സുരക്ഷയിൽ മൂന്ന് വാനുകളിലായി ഇവരെ റോഡ് മാർഗം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഹൗറ എക്സ്പ്രസിലെ പ്രത്യേക കോച്ചിൽ ഇവരെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. സേലം ആംഡ് റിസർവ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് ശക്തിവേലിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലിസ് സംഘം യാത്രയിലുടനീളം ഇവർക്ക് സുരക്ഷ ഒരുക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ ഹരിദാസ്പുർ അതിർത്തി ചെക്ക്പോസ്റ്റിൽ ബംഗ്ലാദേശ് പൗരന്മാരെ തമിഴ്നാട് പൊലിസ് അതിർത്തി സുരക്ഷാ സേനക്ക് ഔദ്യോഗികമായി കൈമാറും. തുടർന്ന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബി.എസ്.എഫ് ഇവരെ ബംഗ്ലാദേശ് അധികൃതർക്കും കൈമാറും. അതേസമയം, ആറ്റൂരിലെ പ്രത്യേക തടങ്കൽ ക്യാമ്പിൽ ഇപ്പോഴും 130-ലധികം വിദേശ പൗരന്മാർ കഴിയുന്നുണ്ട്.
അനധികൃത കുടിയേറ്റം തടയുന്നതിനും രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. .പരിശോധനയിൽ കണ്ടെത്തപ്പെട്ടവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാടുകടത്തൽ നടപടിയിലേക്ക് കടക്കുന്നത്.അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയും കുടിയേറ്റ നിയമങ്ങളുടെ കർശന പാലനവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.