Drisya TV | Malayalam News

സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ ആരംഭിക്കും

 Web Desk    4 Jul 2026

ഗതാഗത വകുപ്പ് 100 ദിന കർമപദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ ‍സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു കെഎസ്ആർടിസി നവീകരിക്കും. സ്പോൺസർഷിപ് വഴി ബസുകൾ സംഭാവന ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഫീഡ് ബാക്ക് സംവിധാവും നടപ്പാക്കും. ഓരോ മാസവും മികച്ച കണ്ടക്ടർ , ഡ്രൈവർ പുരസ്കാരങ്ങൾ നൽകും. എംഎൽഎ ഫണ്ട് ഉപയോഗിച്ചു ബസുകൾ വാങ്ങാൻ പദ്ധതി തയാറാക്കും.

ഡിപ്പോ ആധുനികവൽക്കരണത്തിന് തദ്ദേശസ്ഥാപന ഫണ്ട് വിനിയോഗിക്കും. റെയിൽവേ മാതൃകയിൽ വെയ്റ്റ് ലിസ്റ്റ്, തത്കാൽ ബുക്കിങ് സൗകര്യം ബസുകളിൽ നടപ്പാക്കും. വെയ്റ്റ് ലിസ്റ്റ് 50 കഴിഞ്ഞാൽ അതേ റൂട്ടിൽ അധിക സർവീസ് നടത്താനും ആലോചനയുണ്ട്. ഇത് ബസുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പിന്നീട് നടപ്പാക്കുക. വായു മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് റിക്ഷകളിലേക്കും ടാക്സികളിലേക്കും മാറുന്നതിന് സബ്സിഡിയും വായ്പയും ലഭ്യമാക്കും.

സംസ്ഥാനത്ത് സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കും. ട്രാഫിക് നിയമങ്ങൾ കർശനമാക്കും. റോഡ് സംസ്കാരം വളർത്തുന്നതിന് സമഗ്ര ട്രാഫിക് നയം രൂപീകരിക്കും. ഡ്രൈവിങ് ടെസ്റ്റ്, േലണേഴ്സ് ടെസ്റ്റ് എന്നിവയ്ക്കായുള്ള ദീർഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കും. കെഎസ്ആർടിസി കാർഗോ സേവനങ്ങൾ ആരംഭിക്കും. ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ സ്വീകരിക്കും.

  • Share This Article
Drisya TV | Malayalam News