ടെലിഗ്രാം പ്ലാറ്റ്‌ഫോം വഴി വ്യാപകമായി നടക്കുന്ന പൈറസിക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. സിനിമകളും ഒ.ടി.ടി കണ്ടന്റുകളും ഉൾപ്പെടെയുള്ള പകർപ്പവകാശമുള്ള ദൃശ്യ-ശ്രവ്യ വിഭവങ്ങൾ ടെലിഗ്രാം വഴി പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി.
പൈറസി തടയാൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, സർക്കാർ ഓരോ ചാനലുകളായി ചൂണ്ടിക്കാട്ടി നൽകുന്ന പരാതികൾക്ക് കാത്തുനിൽക്കാതെ സ്വയം നടപടിയെടുക്കാൻ തയ്യാറാവണമെന്നും മന്ത്രാലയം വ്യക്തമാക്കി. 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഐ.ടി നിയമം (2000), ഐ.ടി ചട്ടങ്ങൾ (2021) എന്നിവ പ്രകാരം ഒരു മധ്യസ്ഥ പ്ലാറ്റ്‌ഫോംഎന്ന നിലയിൽ ടെലിഗ്രാമിന് ബാധ്യതകളുണ്ട്. ‘ഡ്യൂ ഡിലിജൻസ്’ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്.