അറബിക്കടലിൽ പുതിയ ഇനം ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. ‘ഇന്ത്യൻ ഡോറി’ എന്ന് വിളിക്കുന്ന മത്സ്യത്തിന് 'സിറ്റോപ്‌സിസ് ഇൻഡിക്ക' എന്നാണു ശാസ്ത്രീയ നാമം.
സിഎംഎഫ്ആർഐയിലെ ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ ഇനം മീനിന്റെ കണ്ടെത്തലിനു പിന്നിൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെട്ടിരുന്ന മത്സ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന 'സിറ്റോപ്സിസ് റോസിയ' എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജനിതകഘടനയിൽ ഇവയിൽ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്നു കണ്ടെത്തി.