Drisya TV | Malayalam News

തലസ്ഥാനത്ത് തെരുവുനായ നിയന്ത്രണം പ്രതിസന്ധിയിൽ

 Web Desk    4 Jul 2026

തലസ്ഥാന നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ, വന്ധ്യംകരണ പദ്ധതി പ്രതിസന്ധിയിൽ. വന്ധ്യംകരണം നടത്തിയ നായകളെ മാറ്റിപ്പാർപ്പിക്കാൻ മതിയായ ഷെൽട്ടർ സൗകര്യമില്ലാത്തതാണ് പദ്ധതിയുടെ പുരോഗതിക്ക് പ്രധാന തടസ്സമാകുന്നത്. കോർപ്പറേഷന്റെ കണക്ക് പ്രകാരം നഗരത്തിൽ ഇനിയും 8,600-ലധികം തെരുവുനായകളെ പിടികൂടാനുണ്ട്.

തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, നഗരത്തിലെ നായകളെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുകയാണെന്നും കോർപ്പറേഷൻ അവകാശപ്പെടുന്നു. എന്നാൽ നഗരത്തിലെ പ്രധാന പൊതുസ്ഥലങ്ങളിൽ ഇപ്പോഴും തെരുവുനായകളുടെ സാന്നിധ്യം വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി.

പാളയം മാർക്കറ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരം, വിമാനത്താവളത്തിന് സമീപം, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങി തിരക്കേറിയ മേഖലകളിലെല്ലാം തെരുവുനായ ശല്യം തുടരുകയാണ്. മെഡിക്കൽ കോളജ് പരിസരത്ത് രോഗികളും കൂട്ടിരിപ്പുകാരും തെരുവുനായകളെ ഭയന്നാണ് ആശുപത്രിയിലേയ്ക്ക് എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ കോർപ്പറേഷൻ പരിധിയിൽ നിന്ന് 850 തെരുവുനായകളെ പിടികൂടി വന്ധ്യംകരണം നടത്തിയിട്ടുണ്ട്. എന്നാൽ നഗരത്തിൽ ഇനിയും 8,600-ലധികം തെരുവുനായകൾ ഉള്ളതായാണ് കോർപ്പറേഷന്റെ കണക്ക്.പിടികൂടുന്ന നായകളെ പേട്ട, വണ്ടിത്തടം എന്നിവിടങ്ങളിലെ എ.ബി.സി. കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ഷെൽട്ടറുകളിലേയ്ക്ക് മാറ്റുന്നതാണ് നിലവിലെ രീതി. ആദ്യഘട്ടത്തിൽ കരിങ്കുളത്തെ സ്വകാര്യ ഷെൽട്ടറിലേയ്ക്കാണ് നായകളെ മാറ്റിയിരുന്നത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നിർത്തിവയ്ക്കേണ്ടിവന്നു.

പകരം ഷെൽട്ടർ കണ്ടെത്താൻ കഴിയാത്തതിനാൽ വന്ധ്യംകരണം പൂർത്തിയാക്കിയ നിരവധി നായകൾ ഇപ്പോഴും എ.ബി.സി. കേന്ദ്രങ്ങളിൽ തന്നെ തുടരുകയാണ്. കോർപ്പറേഷന് സ്വന്തമായി ഷെൽട്ടർ സൗകര്യമില്ലാത്തത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് തിരിച്ചടിയാകുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.തെരുവുനായ ശല്യം കുറയ്ക്കുന്നതിനും വന്ധ്യംകരണ പദ്ധതി വേഗത്തിലാക്കുന്നതിനുമായി സ്ഥിരം ഷെൽട്ടർ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെയും മൃഗസംരക്ഷണ പ്രവർത്തകരുടെയും ആവശ്യം.

  • Share This Article
Drisya TV | Malayalam News