Drisya TV | Malayalam News

പാൻ കാർഡും വോട്ടർ ഐഡിയും പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

 Web Desk    4 Jul 2026

പൗരത്വം തെളിയിക്കാൻ ആവശ്യമായ 15 രേഖകൾ ഹാജരാക്കിയിട്ടും അസം സ്വദേശിയായ അമിനുൾ ഹഖിനെ വിദേശിയായി പ്രഖ്യാപിച്ച് ഗുവാഹത്തി ഹൈകോടതിയുടെ വിധി. പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് രേഖകൾ, ഭൂമി സംബന്ധമായ രേഖകൾ എന്നിവയുൾപ്പെടെയുള്ള 15 രേഖകൾ ഇദ്ദേഹം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഫോറിനേഴ്‌സ് ആക്ട് സെക്ഷൻ 9 പ്രകാരം താൻ ഒരു വിദേശിയല്ലെന്ന് തെളിയിക്കാനുള്ള നിയമപരമായ ബാധ്യത നിറവേറ്റുന്നതിൽ ഹഖ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

താൻ ജന്മനാ ഇന്ത്യക്കാരനാണെന്നും 1971-ന് മുമ്പ് തന്റെ കുടുംബം അസമിൽ താമസിച്ചിരുന്നതിന് തെളിവുകളുണ്ടെന്നും അമിനുൾ ഹഖ് വാദിച്ചു. തന്റെ അച്ഛനും കോടതിയിൽ ഹാജരായി ഇദ്ദേഹം തന്റെ മകനാണെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, രേഖാമൂലമുള്ള തെളിവുകൾ ഇല്ലാതെ വെറും വാക്കാലുള്ള മൊഴികൾ മാത്രം കണക്കിലെടുത്ത് പൗരത്വം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പിതാവുമായുള്ള ബന്ധം തെളിയിക്കുന്നതിൽ കൃത്യമായ രേഖകൾ ഹാജരാക്കുന്നതിൽ ഹഖ് പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ നൽകുന്ന ഐഡന്റിറ്റി കാർഡുകൾ മാത്രം പൗരത്വത്തിന്റെ തെളിവല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഹാജരാക്കിയ ചില രേഖകളിലെ അക്ഷരത്തെറ്റുകളും കുടുംബാംഗങ്ങളുടെ പ്രായം, വിലാസം തുടങ്ങിയ വിവരങ്ങളിലെ പൊരുത്തക്കേടുകളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. കുടുംബം നദിയിലെ വെള്ളപ്പൊക്കം കാരണം മാറിതാമസിച്ചതാണെന്ന വാദം തെളിയിക്കാൻ വേണ്ടത്ര രേഖകൾ ഹാജരാക്കാനും ഇദ്ദേഹത്തിനായില്ല. ഇതെത്തുടർന്ന്, 2019-ലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ട് അമിനുൾ ഹഖിന്റെ ഹരജി കോടതി തള്ളുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News