Drisya TV | Malayalam News

തന്‍റെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ

 Web Desk    4 Jul 2026

തന്‍റെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇത് സംബന്ധിച്ച് വനംവകുപ്പിൽ അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമറിയിട്ടുണ്ട്.

ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് വനം വകുപ്പ് ഏർപ്പെടുത്തിയ ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ ആനക്കൊമ്പ് കൈമാറുന്നത്. അപേക്ഷ നൽകിയതിനു പിന്നാലെ മോഹൻലാലിന്‍റെ വസതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

മോഹൻലാലിന്‍റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഇപ്പോൾ ആനക്കൊമ്പുകൾ സറണ്ടർ ചെയ്യുന്നത്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

  • Share This Article
Drisya TV | Malayalam News