പ്രകാശത്തെ ഡോണട്ടിന്റെ ആകൃതിയുള്ള അതിസൂക്ഷ്മമായ തിളങ്ങുന്ന വലയങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഭൗതികശാസ്ത്രത്തിൽ സ്കിർമിയോൺസ് എന്നാണ് ഈ രൂപങ്ങളെ വിളിക്കുന്നത്. ഇത് ബാഹ്യസ്വാധീനങ്ങളിൽ മാറ്റമില്ലാതെ ആകൃതി നിലനിർത്തുംവിധം സ്ഥിരതയുള്ളതും വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണിത്.
ടിയാൻജിൻ സർവകലാശാലയിലെ ലി നിയു, ഷൂക്വിയാൻ ഷാങ് എന്നിവരാണ് ലേസറുകളും അത്യാധുനിക നാനേസ്കെയിൽ പ്രതലങ്ങളും ഉപയോഗിച്ച് പ്രകാശത്തെ രണ്ട് വ്യത്യസ്ത രീതികളിലേക്ക് മാറ്റാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. ടെറാഹെർട്സ് തരംഗദൈർഘ്യത്തിൽ പ്രകാശത്തിൽ മാറ്റങ്ങളുണ്ടാക്കാനാണ് ഇവർ ശ്രമിച്ചത്. ഈ കണ്ടുപിടിത്തം ഭാവിയിൽ കൂടുതൽ വേഗതയുള്ളതും കാര്യക്ഷമവുമായ വയർലെസ് വാർത്താവിനിമയത്തിന് വഴിയൊരുക്കിയേക്കാം.
പ്രത്യേകതരം നാനോ സ്കെയിൽ പ്രതലങ്ങളാണ് ഇതിലെ പ്രധാന ഘടകമായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്, ഈ പ്രതലത്തിൽ ലേസർ പതിക്കുമ്പോൾ പ്രകാശം വലയരൂപം പ്രാപിക്കുന്നു. പ്രകാശത്തെ ഇലക്ട്രിക് മോഡിലേക്കും മാഗ്നറ്റിക് മോഡിലേക്കും പരസ്പരം മാറ്റാനാവുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് പൂർണമായും നിയന്ത്രണത്തിലാക്കാനും സാധിക്കും.