സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി (0-1). എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സർവീസസ് കിരീടമണിഞ്ഞു. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. കലാശപ്പോരിൽ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവിൽ എക്‌സ്ട്രാ ടൈമിൽ പിഴയ്ക്കുകയായിരുന്നു.
സർവീസസിന്റെ എട്ടാം കിരീടമാണിത്. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയുംചെയ്‌ത സർവീസസ് ഇത്തവണയും ആ മികവ് തുടർന്നു. തുടർച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ഹൈദരാബാദിൽ ഫൈനൽ കളിച്ച കേരളത്തെ ഇഞ്ചുറി ടൈമിലെ ഗോളിൽ ബംഗാളാണ് വീഴ്ത്തിയത്.
ക്വാർട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടർന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് അവർക്ക് തിരിച്ചടിയായി.
തുടക്കംതൊട്ട് കളത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിന്റെ ആധിപത്യമായിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സർവീസസിൻ്റെ പ്രതിരോധ നിരയും മികവ് പുലർത്തി. സർവീസസിന്റെ ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്.