Drisya TV | Malayalam News

18 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ചൈന

 Web Desk    8 Feb 2026

18 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റിൽ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന ടിബറ്റൻ പ്രദേശത്തിന്റെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിന്പിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ നടപടിയെന്ന് വാർത്താ ഏജൻസിയായ ഐഎഎൻസ് റിപ്പോർട്ട് ചെയ്തു.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആശ്രമത്തിൽ പ്രവേശനമില്ലെന്ന് കാണിക്കുന്ന നോട്ടീസുകൾ ഖാമിലെ ഒരു ആശ്രമത്തിന്റെറെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റൻ പ്രദേശത്തെ സ്‌കൂളുകൾ വാർഷികാവധിക്ക് അടച്ചിടുന്ന സമയത്താണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സമയത്ത്, ടിബറ്റിലെ കുട്ടികൾ മാതാപിതാക്കളോടൊപ്പം ആശ്രമങ്ങൾ സന്ദർശിക്കുക പതിവാണ്. ഇത് തടയുക വഴി ടിബറ്റിന്റെ സാംസ്കാരിക വ്യാപനത്തെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ചൈനയുടെ തീരുമാനമെന്നാണ് ഉയരുന്ന വിമർശനം.

ടിബറ്റൻ കുട്ടികൾക്കുള്ള നിർബന്ധിത പ്രീ-നഴ്സറി ബോർഡിംഗ് സ്‌കൂളുകൾ, അവധിക്കാലത്ത് ആശ്രമങ്ങളിൽ ടിബറ്റൻ ഭാഷാ പഠനം നിരോധിക്കൽ, അവധിക്കാലത്ത് കുട്ടികൾ ആശ്രമങ്ങൾ സന്ദർശിക്കുന്നത് നിരോധിക്കൽ തുടങ്ങി സമീപ വർഷങ്ങളിൽ ടിബറ്റിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ടിബറ്റൻ സാംസ്കാരിക മുദ്രകൾ ദൈനംദിന ജീവിതത്തിൽനിന്ന് മായ്ച്ചുകളയാൻ ലക്ഷ്യമിട്ടുള്ള ചൈനീസ് പദ്ധതിയാണെന്നാണ് ആരോപണം.

  • Share This Article
Drisya TV | Malayalam News