ഐഫോണുകൾ ഉൾപ്പെടെ ആധുനിക സ്മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ. ഇനിയുള്ള ബഹിരാകാശ ദൗത്യങ്ങളിൽ ഫോണുകൾക്ക് നിയന്ത്രണം ഉണ്ടാവില്ല. നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസാക്മാനാണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.
ക്രൂ-12 ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സഞ്ചാരികൾക്കും ആർട്ടെമിസ് 2 ചാന്ദ്രദൗത്യത്തിൽ പങ്കെടുക്കുന്നവർക്കും സ്വന്തം ഐഫോണുകൾ ബഹിരാകാശത്ത് കൊണ്ടുപോകാൻ അനുമതിയുണ്ടാവും. ഇതിനുപുറമെ ചില അംഗീകൃത ക്യാമറകളും കൊണ്ടുപോകാം.
ബഹിരാകാശ യാത്രയ്ക്കിടെ അതിവേഗം സെൽഫികളും ചിത്രങ്ങളും വീഡിയോകളും എടുക്കാനും അത് ബന്ധുക്കളോടും പൊതുജനങ്ങളോടുമെല്ലാം പങ്കുവെക്കാനും സഞ്ചാരികൾക്ക് എളുപ്പം സാധിക്കും. ഏതെങ്കിലും പ്രത്യേക ഫോൺ മോഡലുകൾ മാത്രമാണോ അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമല്ല.ഏറെക്കാലമായി നാസ പിന്തുടർന്നുവരുന്ന നിയമങ്ങളിലൊന്നാണ് ബഹിരാകാശ യാത്രയ്ക്കിടെയുള്ള ഫോൺ വിലക്ക്. കാലാനുസൃതമല്ലാത്ത നിയമങ്ങൾ ഒഴിവാക്കി ആധുനിക ഉപകരണങ്ങൾ യാത്രയ്ക്ക് അനുവദിക്കാനുള്ള എളുപ്പവഴികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് നാസ.
കാരണം നിലവിലുള്ള സംവിധാനമനുസരിച്ച് ഉപകരണങ്ങളുടെ ഓരോ ഘടകങ്ങളും പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. വികിരണം, താപനില, വാക്വം സാഹചര്യങ്ങൾ, കമ്പനം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താറുണ്ട്. ഉപകരണത്തിനുള്ളിലുള്ള ചെറിയ ഭാഗങ്ങൾ പോലും പരിശോധിക്കപ്പെടാറുണ്ട്. സുരക്ഷയ്ക്കുവേണ്ടിയാണ് ഈ പരിശോധനകൾ എങ്കിലും സങ്കീർണവും വേഗം കുറഞ്ഞതുമാണ് ഈ നടപടിക്രമങ്ങൾ. ഇതിൽ മാറ്റം വരുത്താനാണ് നാസയുടെ ശ്രമം.
എങ്കിലും ഇത് ആദ്യമായല്ല ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നത്. 2011-ൽ സ്പേസ് ഷട്ടിൽ ദൗത്യത്തിൽ ഐഫോൺ 4 ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു, എങ്കിലും ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. നിലവിൽ ടാബ്‌ലറ്റുകൾ ഉപയോഗിച്ചാണ് സഞ്ചാരികൾ അവരുടെ ബന്ധുക്കളുമായി സംസാരിക്കുന്നത്.