Drisya TV | Malayalam News

ഭ്രമണപഥത്തിൽഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

 Web Desk    8 Feb 2026

ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (Azista Industries Private Limited). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) ചിത്രങ്ങൾ അസിസ്റ്റ വിജയകരമായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല കൈവരിക്കുന്ന സുപ്രധാന നേട്ടമാണിത്.ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് അസിസ്റ്റ ഈ രണ്ട് പരീക്ഷണങ്ങളും നടത്തിയത്.ആദ്യ ദൗത്യത്തിൽ ഏകദേശം 300 കിലോമീറ്റർ അകലെനിന്ന് ചിത്രങ്ങൾ പകർത്തി.രണ്ടാം ദൗത്യത്തിൽ 245 കിലോമീറ്റർ അകലെനിന്നും ചിത്രങ്ങൾ പകർത്തി.

ഈ രണ്ട് പരീക്ഷണങ്ങളിലും എ.എഫ്.ആർ. ഉപഗ്രഹത്തിന്റെ സെൻസർ ഉപയോഗിച്ച് അതിവേഗം നീങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കൃത്യമായി പിന്തുടരാനും 202 മീറ്റർ ഇമേജിങ് സാംപ്ലിങ്ങിലുള്ള 15 വ്യത്യസ്ത ഫ്രെയിമുകൾ പകർത്താനുമാണ് അസിസ്റ്റ ശ്രമിച്ചത്. ഇത് വിജയം കാണുകയും ചെയ്തു.

ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കളെ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് ഈ നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റ മാനേജിങ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News