Drisya TV | Malayalam News

ചെനാബ് നദിയിൽ മെഗാ അണക്കെട്ട് പദ്ധതിക്ക് തുടക്കം കുറിക്കാൻ കേന്ദ്ര സർക്കാർ

 Web Desk    8 Feb 2026

സിന്ധു നദീജല കരാറിൽനിന്ന് പിന്മാറിയതിനു പിന്നാലെ പാക്കിസ്ഥാനോട് പുതിയ നീക്കവുമായി ഇന്ത്യ. ചെനാബ് നദിയിൽ മെഗാ അണക്കെട്ട് പദ്ധതിക്ക് തുടക്കം കുറിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജമ്മു കശ്മീരിലെ ഉധംപുർ, റംബാൻ ജില്ലകളിലെ സാവൽകോട്ട് ജലവൈദ്യുത പദ്ധതി നിർമിക്കാനായി കമ്പനികളെ ക്ഷണിച്ചു. 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ചെനാബിലെ മെഗാ സാവൽകോട്ട് പദ്ധതി.നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ലിമിറ്റഡാണ് ടെൻഡർ ക്ഷണിച്ചത്.

ആദ്യഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും ഉൾപ്പെടെ ആകെ 1,856 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി.പരിസ്ഥ‌ിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി കഴിഞ്ഞ വർഷം ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. പദ്ധതി പൂർത്തിയാകാൻ 9 വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.

ചെനാബ് നദീതടത്തിലെ മറ്റ് നാല് പ്രധാന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നേരത്തെ കർശന നിർദേശങ്ങൾ നൽകിയിരുന്നു. 2026 ഡിസംബറോടെ പക്കൽ ദുൽ, കിരു പദ്ധതികൾ കമ്മിഷൻ ചെയ്യാനും 2028 മാർച്ചോടെ ക്വാർ പദ്ധതി പൂർത്തിയാക്കാനും റാറ്റിൽ അണക്കെട്ടിന്റെ നിർമാണം വേഗത്തിലാക്കാനുമാണ് നിർദേശം.

  • Share This Article
Drisya TV | Malayalam News