Drisya TV | Malayalam News

ഇന്ത്യ-യുഎസ് വ്യാപാര കരാർ ; അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം ലക്ഷ്യം

 Web Desk    8 Feb 2026

ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ച വ്യാപാര കരാർ അനുസരിച്ച് തൊഴിൽകേന്ദ്രിത വ്യവസായങ്ങൾ ഉൾപ്പെടെ കയറ്റുമതിരംഗത്ത് ഒട്ടേറെ മേഖലകൾക്ക് വലിയ കരുത്തായി മാറും. വജ്രം, നിറമുള്ള രത്നക്കല്ലുകൾ, ആഭരണം, സമുദ്രോത്പന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതികവിദ്യകൾ, വാഹന ഘടകങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. അഞ്ചുവർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപ. വിപണികൾ പരസ്പരം തുറന്നുകൊടുത്ത്, തീരുവകളിൽ ഇളവുകൾ നൽകി, സുപ്രധാന മേഖലകളിൽ സുരക്ഷയൊരുക്കിയുള്ളതാണ് കരാറെന്ന് കേന്ദ്രസർക്കാർ പറയുന്നു.

നേട്ടമുണ്ടാകുന്ന പ്രധാന മേഖലകൾ

ആഭരണ-രത്ന മേഖല: അമേരിക്ക തീരുവ ഉയർത്തിയതുവഴി കടുത്ത പ്രതിസന്ധിയിലായിരുന്നു. വജ്ര-ആഭരണ നിർമാണരംഗത്തെ എട്ടുലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാൻ തീരുവ കുറയുന്നത് ഗുണകരമാകും. ഏറ്റവും വലിയ കയറ്റുമതി വിപണിയെന്ന നിലയിൽ അമേരിക്കയുടെ തീരുവ ഈ മേഖലയ്ക്ക് നിർണായകമാണ്. അമേരിക്കയിലേക്ക് വർഷം 997 കോടി ഡോളറിൻ്റെ (90,000 കോടി രൂപ) കയറ്റുമതി നടക്കുന്നു. ഉയർന്നതീരുവയിൽ നഷ്‌ടമായ വിപണി വീണ്ടെടുക്കാനായാൽ ഈ മേഖലയിൽ വലിയ കുതിപ്പാകും വരാനിരിക്കുന്നത്.

തുണി-വസ്ത്രം: അമേരിക്ക തീരുവ വർധിപ്പിച്ചതിനുശേഷം തിരുപ്പൂരിലെ വസ്ത്രനിർമാണമേഖലയിൽ 15,000 -20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുമായും ഇന്ത്യ ധാരണയിലെത്തുന്നത്. ഇത് വസ്ത്രമേഖലയിലെ കയറ്റുമതി ഇരട്ടയക്കത്തിൽ വളരാൻ സഹായകമാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. 2030-ഓടെ ഇന്ത്യയിലെ വസ്ത്രക്കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

സമുദ്രോത്പന്നങ്ങൾ : കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് ഗുണകരമാകും. വർഷം 270 കോടി ഡോളറിൻ്റേതാണ് (24,300 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചെമ്മീൻ കയറ്റുമതിയാണ് ഇതിൽ പ്രധാനം. മത്സ്യത്തൊഴിലാളികൾ, മീൻവളർത്തുന്നവർ, സംസ്‌കരിക്കുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വലിയൊരുവിഭാഗം തൊഴിലെടുക്കുന്ന മേഖല. അമേരിക്ക 50 ശതമാനം തീരുവ കൊണ്ടുവന്നതോടെ പുതിയ വിപണി കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരുന്നു.ഇപ്പോൾ അമേരിക്കയുടെ തീരുവ 18 ശതമാനമാകുന്നത് മേഖലയ്ക്ക് ഇരട്ടി നേട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിമാനം വ്യോമയാന ഘടകങ്ങൾ: വിമാനത്തിനും വിമാനഘടകങ്ങൾക്കും സുരക്ഷാകാരണങ്ങളുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന തീരുവ ഒഴിവാകും. ഇത് ഇന്ത്യയിലെ വിമാനഘടക നിർമാണക്കമ്പനികൾക്ക് നേട്ടമാകും. വിമാന നിർമാണത്തിനാവശ്യമായ അലുമിനിയം, ഉരുക്ക്, ചെമ്പുപയോഗിച്ചുള്ള ഘടകങ്ങൾ എന്നിവയ്ക്ക് വിപണിയിൽ കൂടുതൽ മത്സരക്ഷമമാകുന്നതിനും കരാറിലെ നീക്കുപോക്കുകൾ സഹായകമാകും. 

സാങ്കേതികവിദ്യ-ഡിജിറ്റൽ വ്യാപാരം:ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റ്, ഡേറ്റ സെന്റർ ഘടകങ്ങൾ എന്നിവയ്ക്കുള്ള സാങ്കേതികഘടകങ്ങൾ ഇന്ത്യക്കു നൽകാൻ അമേരിക്ക തയ്യാറാകുന്നു. ഇത് ഈ മേഖലകളിൽ സഹകരണം വർധിപ്പിക്കും. കൂടുതൽ നിക്ഷേപവുമെത്തും. ഇന്ത്യയിലെ ഐ.ടി. ഹാർഡ്‌വെയർ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ ശക്തിപ്പെടുത്താനും ഇതു സഹായിച്ചേക്കും.

വാഹനഘടകങ്ങൾ:ഇന്ത്യയിൽനിന്നുള്ള വാഹനഘടകങ്ങൾക്ക് മുൻഗണനാടിസ്ഥാത്തിൽ തീരുവ നിരക്ക് ക്വാട്ട അനുവദിച്ചു. നേരത്തേ അമേരിക്കയുടെ ദേശീയസുരക്ഷാ തീരുവയാണ് അടിസ്ഥാനമായിരുന്നത്. ഇത് ഇന്ത്യയിലെ വാഹന ഘടകനിർമാതാക്കൾക്ക് അമേരിക്കയിൽ വ്യാപാരം വിപുലമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

  • Share This Article
Drisya TV | Malayalam News