Drisya TV | Malayalam News

കാറുകളുടെ മൈലേജ് പരിശോധനയ്ക്കായി കർശന നിബന്ധനകൾ നടപ്പാക്കാൻ കേന്ദ്രം 

 Web Desk    19 Jan 2026

ഇന്ത്യയിൽ കാറുടെ ഇന്ധനക്ഷമത പരിശോധനയ്ക്കായി പുതിയ നിയമങ്ങൾ നിർദേശിച്ചിരിക്കുകയാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH). ഇതനുസരിച്ച് വാഹന നിർമാതാക്കൾ എയർ കണ്ടീഷനിങ് സംവിധാനം ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധന ഉപഭോഗം പരിശോധിക്കണം.നിർമാതാക്കൾ അവകാശപ്പെട്ടതും യഥാർഥത്തിൽ ലഭിക്കുന്നതുമായ ഇന്ധനക്ഷമത കണക്കുകൾ തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വാഹനം വാങ്ങുന്നവർക്ക് കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള മൈലേജ് ഡാറ്റ ഇത് നൽകും.

MoRTH പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച്, 2026 ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിൽ നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ M1 വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ പാസഞ്ചർ വാഹനങ്ങളും, പെട്രോൾ, ഡീസൽ എൻജിൻ കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് എയർ കണ്ടീഷനിങ് സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ധനക്ഷമത പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

നിലവിൽ, ഇന്ത്യയിലെ കാറുകളുടെ ഔദ്യോഗിക മൈലേജ് കണക്കുകൾ എയർ കണ്ടീഷനിങ് സംവിധാനം ഓഫ് ആക്കിയാണ് കണക്കാക്കുന്നത്.ഇത് പലപ്പോഴും കമ്പനികൾക്ക് ഉയർന്ന കാര്യക്ഷമത അവകാശപ്പെടാനുള്ള അവസരം നൽകുന്നു. എന്നാൽ ഇത് ദൈനംദിന ഡ്രൈവിങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

കാരണം വർഷത്തിൽ ഒരു വലിയ സമയം മിക്ക ഉപയോക്താക്കളും എസി ഓൺ ആക്കിയാണ് യാത്ര ചെയ്യുന്നത്. പുതിയ നിയന്ത്രണമനുസരിച്ച്, വാഹന നിർമാതാക്കൾക്ക് വാഹന ഉപയോക്തൃ മാനുവലുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലും രണ്ട് തരത്തിലുള്ള കണക്കുകൾ (എസി ഓൺ ആയുള്ള മൈലേജും എസി ഓഫ് ആയുള്ള മൈലേജും) വെളിപ്പെടുത്തേണ്ടി വരും.

എയർ കണ്ടീഷനിങ് സംവിധാനം എൻജിനിൽ അല്ലെങ്കിൽ പവർട്രെയിനിൽ ചെലുത്തുന്ന അധിക ഭാരം കണക്കിലെടുക്കുകയും ഇത് ഇന്ധന ഉപഭോഗത്തെയും ഉദ്‌വമനത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് അളക്കുകയും ചെയ്യുന്നതാണ് ഇത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് അല്ലെങ്കിൽ മറ്റ് പവർട്രെയിനുകളിൽ പ്രവർത്തിക്കുന്ന എല്ലാ പാസഞ്ചർ കാറുകൾക്കും ഒരുപോലെ ബാധകമായിരിക്കും ഈ പുതിയ നിയന്ത്രണം.

ഉപഭോക്താക്കൾക്ക് ഈ മാറ്റം മൈലേജിൽ വ്യക്തത നൽകിയേക്കാം. കാരണം, വാഹനം വാങ്ങുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്‌മാണിത്. ദൈനംദിന ഡ്രൈവിങ്ങിൽ ലഭിക്കുന്ന യഥാർഥ ഇന്ധനക്ഷമത അവകാശപ്പെട്ട മൈലേജിനേക്കാൾ വളരെ കുറവാണ്.

നിലവിലെ പരിശോധന മാനദണ്ഡങ്ങളിൽ എസിയുടെ ഉപയോഗം പരിഗണിക്കാത്തതിനാലാണിത്.ട്രാഫിക് തിരക്ക്, ദൈർഘ്യമേറിയ യാത്രകൾ, ഉയർന്ന താപനില, വർഷം മുഴുവനും എസിയുടെ ഉപയോഗം എന്നിവ ഇന്ത്യൻ നഗരങ്ങളിൽ സാധാരണമായി മാറിയതോടെ, യഥാർഥ ഇന്ധന ഉപഭോഗം പലപ്പോഴും പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്. എസി ഓൺ ആക്കിയുള്ളതും അല്ലാത്തതുമായ മൈലേജ് കണക്കുകൾ കാണിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് വാഹനം വാങ്ങുമ്പോൾ കൂടുതൽ വിവേകമുള്ള തീരുമാനങ്ങൾ എടുക്കാനും ചെലവുകൾ കൂടുതൽ കൃത്യമായി കണക്കാക്കാനും കഴിയും.

  • Share This Article
Drisya TV | Malayalam News