കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് സമാനമായി ദേശീയതലത്തിൽ സാഹിത്യ അവാർഡ് ഏർപ്പെടുത്താൻ തമിഴ്‌നാട്. ഏഴ് ഇന്ത്യൻ ഭാഷകളിലെ കൃതികൾക്ക് ദേശീയ സാഹിത്യ അവാർഡ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. പുരസ്കാരം സെമ്മോഴി ഇല്ലാക്കിയ വിരുദ് സാഹിത്യ അവാർഡ് എന്നറിയപ്പെടും.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടൽ കാരണം, 2025 ലെ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കാനുള്ള പരിപാടി, പട്ടിക അന്തിമമാക്കിയതിന് ശേഷം റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. അവാർഡുകൾ പ്രഖ്യാപിക്കുമോ എന്ന് അറിയില്ല. കലയിലും സാഹിത്യത്തിലും രാഷ്ട്രീയ ഇടപെടൽ അപകടകരമാണെന്നും ചെന്നൈ അന്താരാഷ്ട്ര പുസ്‌തകമേളയുടെ സമാപന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഭാഷ ആളുകളെ വേർതിരിക്കുന്ന ഒരു മതിലല്ല. അത് ലോകമെമ്പാടുമുള്ള ആളുകളെ ബന്ധിപ്പിക്കുന്നു. പുതിയ പുരസ്കാരം അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ മികച്ച കൃതികൾക്ക് സെമ്മോഴി ഇല്ലാക്കിയ വിരുദ് (ക്ലാസിക്കൽ ലാംഗ്വേജ് ലിറ്റററി അവാർഡ്) എന്ന പേരിൽ എല്ലാ വർഷവും സെമ്മോഴി സാഹിത്യ അവാർഡ് നൽകും. ഓരോ ഭാഷയിലെ അവാർഡിനും അഞ്ച് ലക്ഷം രൂപ വീതം സമ്മാനമായി നൽകും.കലയിലും സാഹിത്യത്തിലും കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാൻ എഴുത്തുകാരും അതുമായി ബന്ധപ്പട്ടവരും തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചതായി സ്റ്റാലിൻ പറഞ്ഞു.