Drisya TV | Malayalam News

തലസ്ഥാനത്ത് മാലിന്യം നീക്കാനുള്ള എഐ റോബോട്ടിക് സംവിധാനംപൂർത്തീകരണത്തിലേക്ക്

 Web Desk    19 Jan 2026

ആമയിഴഞ്ചാൻതോട് വൃത്തിയാക്കാൻ നഗരസഭ ഒരുക്കിയ എ.ഐ റോബോട്ടിക് സംവിധാനം പൂർത്തീകരണത്തിലേക്ക്. പത്തു ദിവസത്തിനുള്ളിൽ യന്ത്രമുപയോഗിച്ചുള്ള മാലിന്യംനീക്കം ആരംഭിക്കും.

ജെൻ റോബോട്ടിക് സ്റ്റാർട്ടപ്പുമായി കൂടിച്ചേർന്ന് നഗരസഭ നിർമ്മിച്ചെടുത്ത എ.ഐ റോബോട്ട് സംവിധാനം, സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ തോടിന് കുറുകെയാണ് നടപ്പാക്കിയിരിക്കുന്നത്.ആളുകൾക്കിറങ്ങി വൃത്തിയാക്കാൻ കഴിയാത്ത ഭാഗമായതിനാലാണ് ഇവിടെ ഇത്തരമൊരു സാങ്കേതികവിദ്യ കൊണ്ടുവരാമെന്ന് കരുതിയതെന്ന് അധികൃതർ പറഞ്ഞു.രണ്ടുമാസം മുമ്പാണ് റോബോട്ടിന്റെ നിർമ്മാണം ആരംഭിച്ചത്.

ഏകദേശം 50 ലക്ഷം മുടക്കി ജെൻറോബോട്ടിക് സ്റ്രാർട്ടപ്പ് കമ്പനിയാണ് റോബോർട്ട് നിർമ്മിച്ചത്.പക്ഷേ ഇതിന്റെ അറ്റകുറ്റപ്പണികളുടെയും,നടത്തിപ്പിന്റെയും ചെലവ് വഹിക്കുന്നത് നഗരസഭയാണ്. നിലവിൽ അഞ്ച്‌ വർഷത്തെ കരാറിലാണ് നഗരസഭ സ്റ്റാർട്ടപ്പുമായി ഒപ്പുവച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

തോടിന് സമീപത്തായി നാലുതൂണുകൾ സ്ഥാപിച്ച് അതിൽ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ നടുഭാഗത്തായാണ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക്കായാണ് പ്രവർത്തിക്കുക.യന്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും സെൻസറുകളും തോട്ടിൽ വന്നടിയുന്ന മാലിന്യത്തെ കണ്ടെത്തി അപ്പോൾത്തന്നെ ഇറങ്ങി കോരിയെടുത്ത് കരയിലേക്കിടും.ഇങ്ങനെ യന്ത്രം ശേഖരിച്ചിടുന്ന മാലിന്യം പിന്നീട് നഗരസഭ അധികൃതർ വന്ന് കൊണ്ടുപോകും.

  • Share This Article
Drisya TV | Malayalam News