ശരാശരി 1200 രൂപ വൈദ്യുതി ബിൽ അടച്ചിരുന്ന കുടുംബത്തിനു ഇത്തവണ ലഭിച്ച വൈദ്യുതി ബിൽ കണ്ട് ഗൃഹനാഥയ്ക്കു ദേഹാസ്വാസ്ഥ‌്യം. പെരപ്പയം രോഹിണിയിൽ സുഭാഷിനും ഭാര്യ അനിതയ്ക്കും ഒരു ലക്ഷം രൂപയ്ക്കു അടുത്തുള്ള ബില്ലാണ് ഇത്തവണ ലഭിച്ചത്.സിംഗിൾ ഫേസ് കണക്‌ഷൻ മാത്രമുള്ള 3 അംഗ കുടുംബം താമസിച്ചിരുന്ന വീട്ടിലെ 2 മാസത്തെ ഉപയോഗം 8827 യൂണിറ്റെന്നാണ് കണ്ടെത്തൽ. ഇതനുസരിച്ചു 90,586 രൂപ ഫെബ്രുവരി 10 നു മുൻപു അടയ്ക്കണമെന്നു കാട്ടി ആയൂർ കെഎസ്ഇബിയിൽ നിന്നു കഴിഞ്ഞ ദിവസം ബിൽ നൽകി.
ദിവസങ്ങൾക്കു മുൻപാണ് മീറ്റർ റീഡിങ് പരിശോധിച്ചു ബിൽ നൽകാൻ ജീവനക്കാരൻ എത്തിയത്. എന്നാൽ റീഡിങ്ങിൽ വലിയ തോതിലുള്ള വ്യത്യാസം കണ്ടതിനാൽ ബിൽ നൽകാതെ ജീവനക്കാരൻ മടങ്ങിപ്പോയി. പിറ്റേദിവസം 2 ലൈൻമാൻമാരും ഒരു ഉദ്യോഗസ്ഥഥനും എത്തി മീറ്റർ പരിശോധിച്ചു.
ആയൂർ വൈദ്യുതി ഓഫിസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നു നിർദേശിച്ചു വീട്ടിലെത്തിയ ജീവനക്കാർ മടങ്ങിയതായി സുഭാഷ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ഉദ്യോഗസ്‌ഥനെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു. വേണ്ട നടപടി സ്വീകരിക്കാമെന്നു പറഞ്ഞെങ്കിലും വൈകിട്ടോടെ ഒരു ജീവനക്കാരന്റെ വശം 90,586 രൂപയുടെ ബിൽ കൊടുത്തു വിട്ടു.ഇത്രയും യൂണിറ്റ് തങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മീറ്റർ തകരാർ മൂലം സംഭവിച്ച പിശകിന് തങ്ങൾക്ക് ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയില്ലെന്നും കുടുംബം പറയുന്നു.ബിൽ തുകയിൽ ഉണ്ടായ പിശക് ശ്രദ്ധയിൽ പെട്ടതായും ഇതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അസി.എക്സിക്യൂട്ടിവ് എൻജിനീയർ അനീഷ് കെ.അയിലറ പറഞ്ഞു. മറ്റൊരു മീറ്റർ താൽക്കാലികമായി ഘടിപ്പിച്ചു റീഡിങ് പരിശോധിക്കുമെന്നും പറഞ്ഞു.