ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനി രാജ്യത്ത് വിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിർമിക്കുക. ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി ചേർന്ന് ജെറ്റുകൾ നിർമിക്കാൻ അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ട്. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും വിമാനങ്ങൾ. എംബ്രയർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൂട്ടിച്ചേർത്ത് വിമാനം നിർമിക്കാനാണ് ധാരണ. അദാനി എയറോസ്പേസ് കമ്പനിയാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്. കേന്ദ്ര സർക്കാറിൻ്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഊർജം പകരുന്നതാണ് അദാനിയുടെ നീക്കം. അതേസമയം, പദ്ധതി സംബന്ധിച്ച് അദാനിയും എംബ്രയറും പ്രതികരിച്ചിട്ടില്ല. വിമാന നിർമാണ പ്ലാന്റ് എവിടെ സ്ഥാപിക്കും, നിക്ഷേപത്തുക എത്ര എന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമായിട്ടില്ല. ഈ മാസം അവസാനത്തോടെ ഹൈദരാബാദിൽ നടക്കുന്ന എയർ ഷോയിൽ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.