നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാൻ തീരുമാനിച്ച് രാജ്യം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യമിട്ട് ഈ വർഷം 16 ഉത്പന്നങ്ങൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയിലാണെന്ന് ഇലക്ട്രോണിക്സ് വ്യവസായ മേഖല അറിയിച്ചു. ഇന്ത്യൻ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷനാണ് (ഐ.സി.ഇ.എ) പ്രധാനമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഉത്പാദനം തുടങ്ങുകയും പുറത്തിറക്കാൻ പദ്ധതിയിടുകയും ചെയ്ത ഉത്പന്നങ്ങളുടെ പട്ടിക പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രക്ക് ഐ.സി.ഇ.എ കൈമാറി.
ടാറ്റ ഇലക്ട്രോണിക്സ്, ഫോക്സ്കോൺ, വിവൊ മൊബൈൽ ഇന്ത്യ, ആപ്പിൾ, ഡിക്സൺ ടെക്നോളജീസ്, ഭഗവതി പ്രൊഡക്ട്സ്, ലാവ ഇന്റർനാഷനൽ, കോർണിങ്, ആംപെറക്സ് ടെക്നോളജി, സാൽകോംപ് തുടങ്ങിയ നിരവധി കമ്പനികളുടെ കൂട്ടായ്മയാണ് ഐ.സി.ഇ.എ.
സ്വാശ്രയത്വം ശക്തമാക്കാനും ഇറക്കുമതി, പ്രത്യേകിച്ച് ചൈനയിൽനിന്ന് കുറക്കാനുമാണ് ഐ.സി.ഇ.എ പദ്ധതിയിടുന്നതെന്ന് ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു. ആദ്യം ഇറക്കുമതി കുറക്കുക എന്ന ഉദ്ദേശത്തോടെ ഉത്പാദനം തുടങ്ങുകയും പിന്നീട് കയറ്റമതി നടത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ഇ.എ പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്മാർട്ട് കാമറ മൊഡ്യൂൾ അടക്കം സബ് അസംബ്ലികളും ചിപ്പുകൾ, ലിഥിയം അയേൺ സെല്ലുകൾ, ഇലക്ട്രോണിക്സ് ഉത്പാദന പ്രക്രിയക്ക് ആവശ്യമായ വിലയേറിയ യന്ത്രങ്ങൾ തുടങ്ങിയവയാണ് ആഭ്യന്തരമായി നിർമിക്കുക. ഇലക്ട്രോണിക്സ് മേഖലക്ക് ആവശ്യമായ ഘടകങ്ങളും യന്ത്രങ്ങളും ആഭ്യന്തരമായി തന്നെ വികസിപ്പിക്കാൻ ഐ.സി.ഇ.എ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.