ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടർന്ന് ബംഗ്ലാദേശ്. ലോകകപ്പിൽ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കത്തയച്ചു. നേരത്തേ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ബോർഡ് കത്തയച്ചത്. ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ പൂർണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവർത്തിച്ചെന്നാണ് നേരത്തേ പ്രസ്‌താവനയിൽ ബിസിബി അറിയിച്ചിരുന്നത്.
തങ്ങൾക്ക് ടൂർണമെന്റ് കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് അടുത്തിടെ ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കിയത്. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമും പറഞ്ഞു.ഒട്ടേറെ ആളുകൾ അവിടേക്ക് പോകുന്നുണ്ട്. ഞങ്ങളുടെ പത്രപ്രവർത്തകർ, ഞങ്ങളുടെ കാണികൾ, ഞങ്ങളുടെ സ്പോൺസർമാർ. എല്ലാവർക്കും സുരക്ഷ ഉറപ്പ് നൽകാമോ? ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഞങ്ങൾ പോരാടും. ഹൈബ്രിഡ് മാതൃകയിൽ മുൻപും ലോകകപ്പുകൾ ഉണ്ടായിട്ടുണ്ട്. ഹൈബ്രിഡ് ലോകകപ്പിന്റെ പ്രധാന കാരണം സുരക്ഷയാണ്"-അമിനുൾ കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌ിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.