സിപിഎം നേതാവ് കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴ് പേർക്ക് ജീവപര്യന്തം ശിക്ഷ. മറ്റു വകുപ്പുകളിലായി 35 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും വിധിച്ചു.
ബിജെപി പ്രവർത്തകരായ പുന്നാൽ തലായി സ്വദേശികളായ സുമിത്ത് (കുട്ടൻ), കെ.കെ.പ്രജീഷ് ബാബു, ബി.നിഥിൻ (നിത്തു), കെ. സനൽ, സ്മിജോഷ് (കുട്ടൻ), സജീഷ്, എ.ടി.വി. ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്ന് മുതൽ 7 വരെ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 9 മുതൽ 12 വരെ പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു.
കൊലപാതകം നടന്ന് പതിനേഴ് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2008 ഡിസംബർ 31 വൈകുന്നേരം തലശ്ശേരി -വടകര ദേശീയ പാതയിൽ ചക്യത്ത് മുക്കിൽ വച്ചാണ് കൊലപാതകം നടന്നത്. കടപ്പുറത്ത് വച്ച് പ്രതികൾ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ലതേഷിനെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ലതേഷ് സൃഹൃത്തായ ചക്യത്ത് മുക്കിലെ മോഹൻലാലിന്റെ (ലാലു) വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.