Drisya TV | Malayalam News

ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വെനസ്വേല വിച്ഛേദിക്കണമെന്ന്  ട്രംപ്

 Web Desk    8 Jan 2026

വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇതിനുശേഷം മാത്രമേ എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കൂവെന്നും ട്രംപ് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എണ്ണ ഉത്പാദനത്തിൽ വെനസ്വേല അമേരിക്കയുമായി മാത്രം സഹകരിച്ചാൽ മതിയെന്നും അസംസ്കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് കഴിഞ്ഞയാഴ്‌ച നടത്തിയ ആക്രമണങ്ങൾക്കുശേഷം വെനസ്വേല രാഷ്ട്രീയപരമായി കലുഷിതാവസ്ഥയിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തടവിലാക്കി നാടുകടത്തിയിരുന്നു. ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

"ആദ്യം തന്നെ ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേല പുറത്താക്കുകയും സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കുകയും വേണം. രണ്ടാമതായി, എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം സഹകരിക്കാനും വൻതോതിൽ അസംസ്‌കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകാനും വെനസ്വേല സമ്മതിക്കണം"-ട്രംപ് പറഞ്ഞു.

ദീർഘകാലമായി വെനസ്വേലയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ചൈന. വെനസ്വേലയുടെ പക്കൽനിന്ന് ഏറ്റവുംകൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണിത്. നിലവിൽ എണ്ണ ടാങ്കറുകൾ നിറഞ്ഞിരിക്കുന്നതിനാൽ എണ്ണയുടെ വ്യാപാരനീക്കത്തെ ബാധിച്ചേക്കാമെന്നതിനാൽ വെനസ്വേലയുടെ മേൽ സമ്മർദം ചെലുത്താൻ യുഎസിന് സാധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സെനറ്റർമാരോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News