വെനസ്വേല ഇനി മുതൽ യുഎസ് നിർമ്മിത ഉത്പന്നങ്ങൾ മാത്രം വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചായിരിക്കും വ്യാപാര ഇടപാടുകൾ. ഇരുരാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന തന്ത്രപരമായ പുനഃക്രമീകരണമായാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
“പുതിയ എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വെനസ്വേല യുഎസ് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ പോകുകയാണ്." ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു. വിവേകപൂർണ്ണമായ തീരുമാനമാണിതെന്നും വെനസ്വേലയിലെ ജനങ്ങൾക്കും യുഎസിനും ഇത് നല്ലതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കാർഷിക ഉത്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെനസ്വേലയുടെ ഇലക്ട്രിക് ഗ്രിഡ്, ഊർജസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള യന്ത്രോപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ്എയുമായി പ്രധാന പങ്കാളിയായി വ്യാപാരം നടത്താൻ വെനസ്വേല പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് പിടികൂടിയ നാടകീയമായ സംഭവങ്ങൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. യുഎസിലേക്ക് കൊണ്ടുവന്ന ഇവർ ലഹരിമരുന്ന് കടത്ത്, നാർക്കോ ഭീകരവാദ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ ന്യൂയോർക്കിൽ വിചാരണ നേരിടുകയുമാണ്. ഇതേത്തുടർന്ന് വൈസ് പ്രസിഡന്റും ഊർജമന്ത്രിയുമായിരുന്ന ഡെൽസി റോഡ്രിഗസ് വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരുന്നു.