ശബരിമല സ്വർണ്ണകൊള്ളയിൽ മുരാരി ബാബു വീണ്ടും ഹൈക്കോടതിൽ ജാമ്യപേക്ഷ നൽകി. നേരത്തെ മുരാരി ബാബുവിന്റെ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു.
അതേസമയം തിരുവിതാംകൂർ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ SIT ക്ക് മുന്നിൽ ഹാജരായി. ഇഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നിർദ്ദേശം നൽകിയിരുന്നു. ദ്വാരപാലക പാളികൾ കടത്തിയ സംഭവത്തിന്റെ ഗൂഢാലോചനയിൽ ജയശ്രീക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.
മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു . ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും മുരാരി ബാബു വാദിക്കുന്നത്.
താൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായി ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വാദിച്ചത്.