പതിനഞ്ച് വർഷത്തിനു മുകളിൽ പഴക്കമുള്ള പൊതു മോട്ടോർവാഹനങ്ങളുടെ ഫിറ്റ്നസ് ചാർജിൽ വരുത്തിയ അമിതവർധനയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഓട്ടോറിക്ഷ, ടാക്സി കാറുകൾ, മിനിവാനുകൾ, ബസ്, ലോറി തുടങ്ങിയ പൊതുവാഹനങ്ങളുടെ ഫിറ്റ്നസ് ചാർജിലാണ് 100 ശതമാനത്തോളം വർധന വരുത്തിയിട്ടുള്ളത്.നവംബർ 17 മുതലാണ് വർധന പ്രാബല്യത്തിൽവന്നത്.
വാഹനങ്ങളെല്ലാംതന്നെ നിശ്ചിത കാലയളവിൽ നിർബന്ധിതമായും നിയമപരമായും മോട്ടോർവാഹനവകുപ്പ് മുഖേന ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്. നേരത്തേ ഒറ്റ സ്ലാബ് മാത്രമാണുണ്ടായിരുന്നത്. നിലവിൽ വിവിധ വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.വാഹനങ്ങളുടെ പഴക്കമനുസരിച്ചാണ് ഈ വിഭജനം.
പുതിയ സംവിധാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് നിരക്ക്.ഫിറ്റനസ് ഫീസിനു പുറമെ, 60 മുതൽ 220 രൂപവരെ സർവീസ് ചാർജ്കൂടി നൽകേണ്ടിവരും.ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്ററുകൾ നിലവിൽവരുമ്പോൾ ടെസ്റ്റിങ് ഫീസ് കൂടി അധികമായി നൽകേണ്ടിവരും.
സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി കാറുകൾ, മിനിവാനുകൾ തുടങ്ങിയ വാഹനങ്ങളിൽ തൊഴിലാളിതന്നെയാണ് വാഹന ഉടമയും. വായ്‌പയെടുത്തും മറ്റും ഉപജീവനത്തിനായി വാഹനമോടിക്കുന്നവരാണ് ഏറെയും. ഫിറ്റ്നസ് ഫീസ് കുത്തനെ നൂറ് ശതമാനത്തോളം കൂട്ടിയത് പാവപ്പെട്ട ഡ്രൈവർമാരുടെ കുടുംബബജറ്റിനെ തകിടം മറിക്കുന്നതാണ്.
നാളിതുവരെ 600 രൂപ ഫിറ്റ്നസ് ഫീസായി നൽകിയ ഓട്ടോഡ്രൈവർ 3500 രൂപയാണ് (15-20 വർഷം പഴക്കമുള്ള വാഹനം) ഇനിമുതൽ നൽകേണ്ടത്. 20 വർഷം പിന്നിട്ട വാഹനങ്ങൾക്ക് ഈ തുകയുടെ ഇരട്ടിയും (7,000 രൂപ) നൽകണം. പൊതുവാഹനമല്ലാത്ത മോട്ടോർ സൈക്കിളുകളുടെ (15 വർഷത്തിലേറെ പഴക്കമുള്ളവ) കാര്യത്തിൽ ഫിറ്റ്നസ് ഫീസിൽ വർധനയുണ്ട്. 15 മുതൽ 20 വർഷംവരെ പഴക്കമുള്ള മോട്ടോർസൈക്കിളുകളുടെ ഫിറ്റ്നസ് ഫീ 400 രൂപയിൽനിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 20 വർഷത്തിനു മുകളിൽ പഴക്കമുള്ളവ 2,000 രൂപ ഫീസായി നൽകണം.