ജനുവരി അവസാന ആഴ്ചയില്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരുടെ പണിമുടക്കും, ശനി, ഞായര്‍ അവധിയും പൊതു അവധിയും ചേരുന്നതോടെയാണ് നാലു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യവുമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തില്‍ ജനുവരി 27 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ആഴ്ച അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി ബാങ്ക് ജീവനക്കാര്‍ക്ക് അവധി വേണമെന്നാണ് സംഘടനകളുടെ ആവശ്യം. ആര്‍ബിഐ, എല്‍ഐസി, ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി, ഫോറിന്‍ എക്സ്ചേഞ്ച്, ഓഹരി വിപണി അടക്കം പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ അഞ്ചു ദിവസമാണ് പ്രവൃത്തിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
2024 മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാത്തതിനാലാണ് സമരം.
ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയമാണ്. 26 ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് പൊതു അവധിയുമാണ്. 27ന് പണിമുടക്കും കൂടി വരുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി നാല് ദിവസം മുടങ്ങും. എടിഎമ്മുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെങ്കിലും പണം നിറയ്ക്കുന്ന ജോലികള്‍ സമരത്തിന്‍റെ സമയത്ത് വൈകും. അതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ആവശ്യമായ പണമെടുത്ത് വെയ്ക്കുന്നതാണ് അനുയോജ്യം.