റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന പുതിയ ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയതോടെ, ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ഇറക്കുമതി നികുതികളിൽ വൻ വർദ്ധനവിനാണ് കളമൊരുങ്ങുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ച പുതിയ ഉപരോധ ബിൽ പ്രകാരം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. അടുത്ത ആഴ്ച തന്നെ ഈ ബിൽ വോട്ടിങിന് വരാൻ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം വ്യക്തമാക്കി. എണ്ണയ്ക്ക് പുറമെ, റഷ്യയിൽ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും. കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമായി യുഎസ് ചൂണ്ടിക്കാണിക്കുന്നത്.
റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയർന്നു.
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയും കടുത്ത നടപടികൾ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ 125 ശതമാനം നികുതിയാണ് ചൈന ചുമത്തിയിട്ടുള്ളത്.