നിർമിതബുദ്ധി ഇന്നത്തെ മിക്ക ജോലികളും ഏറ്റെടുക്കുന്ന കാലം വരാനിരിക്കെ ടെക് ശതകോടീശ്വരന്മാരോട് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്‌സ്. വ്യവസായ മേഖലകളിൽ ഉടനീളം തൊഴിലാളികൾക്ക് പകരമായി റോബോട്ടുകൾ എത്തുകയാണെങ്കിൽ, മാറ്റിനിർത്തപ്പെടുന്ന തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഭക്ഷണം എന്നിവയ്ക്ക് ആരാണ് പണം നൽകുക എന്ന് അദ്ദേഹം ചോദിക്കുന്നു. ടെക് ശതകോടീശ്വരന്മാരായ ഇലോൺ മസ്ക‌്, ബിൽ ഗേറ്റ്സ് എന്നിവർ അടക്കമുള്ളവരോടാണ് സാൻഡേഴ്സ് സുപ്രധാന ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
ആമസോൺ പോലുള്ള കമ്പനികൾ എന്തിനാണ് മനുഷ്യർക്ക് പകരം റോബോട്ടുകളെ വൻതോതിൽ വിന്യസിക്കാനൊരുങ്ങുന്നത് ? ഉത്തരം വളരെ ലളിതമാണ്. റോബോട്ടുകൾക്ക് വേതനം, ആരോഗ്യ സംരക്ഷണം, അവധി, രോഗാവധി, സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ അല്ലെങ്കിൽ തൊഴിൽ നഷ്ടപരിഹാരം എന്നിവ ആവശ്യമില്ല.-സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റോബോട്ടുകൾക്ക് നികുതി ചുമത്തുകയും അതുവഴി ലഭിക്കുന്ന വരുമാനം തൊഴിൽ നഷ്ടപ്പെടുന്നവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ മാറ്റിവെക്കുന്നതിനും സമയമായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടെക് ശതകോടീശ്വരന്മാരുടെ പ്രവചനങ്ങൾ ഉദ്ധരിച്ച് എഐ സൃഷ്ടിക്കാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ സിഎൻഎൻ സംഘടിപ്പിച്ച പരിപാടിയിൽ സാൻഡേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമിതബുദ്ധിയും റോബോട്ടുകളും എല്ലാ ജോലികളിലും മാറ്റംവരുത്തുമെന്നും തൊഴിലെടുക്കുന്നത് ഭാവിയിൽ ഓപ്ഷണൽ ആയേക്കുമെന്നും ടെസ്ലയുടെയും സ്പേസ് എക്സിന്റെയും തലവനായ ഇലോൺ മസ്ക് തുറന്നുപറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദശകത്തിൽ എഐയ്ക്ക് മിക്ക കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നും മിക്ക ജോലികൾക്കും മനുഷ്യരെ ആവശ്യമില്ലാതാകുമെന്നും ബിൽ ഗേറ്റ്സ് മുൻപ് പറഞ്ഞിട്ടുള്ളതും സാൻഡേഴ്സ് ഓർമിപ്പിച്ചു.
ഈ സാഹചര്യത്തിൽ റോബോട്ടുകൾക്ക നികുതി ചുമത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് സാൻഡേഴ് ഉന്നയിക്കുന്നത്. എഐ, റോബോട്ടിക്സ് എന്നിവ അതിവേഗം പുരോഗമിക്കുകയും തൊഴിൽ സ്ഥലങ്ങളിൽ മനുഷ്യരെ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നതോടെ യന്ത്രങ്ങൾ വലിയ സമ്പത്ത് സൃഷ്ടിക്കുന്ന ഒരു ഭാവിയിലേക്കാണ് സമൂഹം നീങ്ങുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെടുന്ന അവസ്ഥ വരാൻ സാധ്യതയുണ്ടെന്നും സാൻഡേഴ്സ് മുന്നറിയിപ്പ് നൽകുന്നു. 'ജോലി ഇല്ലെങ്കിൽ, മിക്ക ജോലികൾക്കും മനുഷ്യരെ ആവശ്യമില്ലെങ്കിൽ, ആളുകൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാനും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും വീട്ടുവാടക നൽകാനുമുള്ള വരുമാനം എങ്ങനെ കണ്ടെത്തും? യു.എസ് കോൺഗ്രസ്സിൽ ഈ വിഷയത്തെക്കുറിച്ച് ഗൗരവമേറിയ ഒരു സംവാദവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട്ടോമേഷൻ കാരണം ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടാൽ പലർക്കും ഒരു വരുമാനവും ഉണ്ടാകാനിടയില്ല. ലോജിസ്റ്റിക്സ്, കസ്റ്റമർ സർവീസ്, മാനുഫാക്ചറിങ്, സോഫ്റ്റ്വെയർ തുടങ്ങിയ മേഖലകളെ എഐ അതിവേഗം പുനർനിർമ്മിക്കുമ്പോൾ പോലും ഈ വിഷയത്തെക്കുറിച്ച് ഗൗരവമായ ചർച്ച ചെയ്യാൻ നിയമനിർമ്മാതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ എഐ ഇത്തരത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കില്ലെന്നാണ് ഇലോൺ മസ്ക് അടക്കമുള്ളവർ പറയുന്നത്. ചില ജോലികൾ ഇല്ലാതാക്കുമ്പോൾ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടും. എഐയും ഹ്യൂമനോയ്ഡ് റോബോട്ടുകളും മനുഷ്യരാശിയെ അതിസമ്പന്നരാക്കുമെന്നാണ് അവർ വാദിക്കുന്നത്.