പ്രീമിയം സർവീസുകളുടെ പ്രധാന സവിശേഷത അവയുടെ കുറഞ്ഞ സ്റ്റോപ്പുകളാണ്. സാധാരണ സൂപ്പർഫാസ്റ്റ് ബസുകളെ അപേക്ഷിച്ച് സ്റ്റോപ്പുകളുടെ എണ്ണം പകുതിയിലധികമാണ് കുറച്ചത്. ഉദാഹരണത്തിന്, ദേശീയപാതയിലെ സ്റ്റോപ്പുകൾ 107 ൽ നിന്ന് 44 ആയും എംസി റോഡിൽ 108 ൽ നിന്ന് 46 ആയും കുറച്ചു. ഓരോ സ്റ്റോപ്പിലും ബസ് നിർത്തുന്നതിന് ഏകദേശം 3-4 ലിറ്റർ ഇന്ധനം അധികം വേണ്ടതിനാൽ, സ്റ്റോപ്പുകൾ കുറച്ചത് ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു.ജില്ലയിൽ ഒരു സ്റ്റോപ്പ് മാത്രമുളള 'ലൈറ്റ്‌നിംഗ് എക്‌സ്പ്രസ്' പോലുള്ള സർവീസുകൾ നിലവിൽ കെഎസ്ആർടിസിയുടെ പ്രധാന വരുമാന സ്രോതസുകളായി മാറിയിരിക്കുകയാണ്.
നിലവിൽ 60 പ്രീമിയം എസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെങ്കിലും, അവ നൽകുന്ന വരുമാനം വളരെ കൂടുതലാണ്. സാധാരണ സൂപ്പർഫാസ്റ്റ് ടിക്കറ്റ് നിരക്കിനേക്കാൾ 5 ശതമാനം സർചാർജ് മാത്രമാണ് ഈ പ്രീമിയം സർവീസുകളിൽ ഈടാക്കുന്നത്. പ്രതിദിനം ഓരോ ബസിലും ഏകദേശം 10,000 രൂപയുടെ ലാഭം കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്.നിലവിൽ തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-പാലക്കാട് റൂട്ടുകളിലാണ് ഇവ പ്രധാനമായും ഓടുന്നത്. ജനപ്രീതി കണക്കിലെടുത്ത് 120 പുതിയ ബസുകൾ കൂടി പ്രീമിയം ഫ്ലീറ്റിലേക്ക് ഉടൻ ചേർക്കാനുളള ശ്രമങ്ങളിലാണ് അധികൃതർ.