ഹ്യൂമനോയ്ഡ് റോബോട്ടുകൾ, ചിപ്പുകൾ, എഐ എന്നീ രംഗങ്ങളിൽ ലോകത്തുണ്ടാകുന്ന ഓരോ ചലനങ്ങളും ശ്രദ്ധനേടുന്നത് ഈ കിടമത്സരത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ്. ഇലോൺ മസ്‌കിന്റെ ടെസ്‌ല വികസിപ്പിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളെ വെല്ലുന്നവ ചൈനീസ് കമ്പനികൾ പുറത്തിറക്കാനൊരുങ്ങുന്നു എന്നവാർത്ത പുറത്തുവന്നിരുന്നു. എഐ രംഗത്ത് ചൈനീസ് കമ്പനികളുണ്ടാക്കിയ ഓരോ മുന്നേറ്റങ്ങളും ഇത്തരത്തിൽ ലോകശ്രദ്ധ നേടിയിരുന്നു.
അതിനിടെ യൂണിട്രി ജി1 ഹ്യൂമനോയിഡ് റോബോട്ടുകൾ ചൈനയിൽ നടത്തിയ തകർപ്പൻ നൃത്ത പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അവിശ്വസനീയമായ പ്രകടനമാണ് റോബോട്ടുകളുടേത്. അതിനാൽ വീഡിയോയുടെ ആധികാരികതയിൽതന്നെ ആർക്കും സംശയം തോന്നാം. എന്നാൽ ടെസ്‌ല സിഇഓ ഇലോൺ മസ്‌ക് പോലും വീഡിയോ കണ്ട് അമ്പരന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആകർഷകം എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചെങ്ഡുവിൽ നടന്ന 'ബെസ്റ്റ് പ്ലേസ് ടൂർ' പരിപാടിയിൽ ചൈനീസ്-അമേരിക്കൻ ഗായകൻ വാങ് ലീഹോമിനൊപ്പം വേദിയിലെത്തിയാണ് റോബോട്ടുകൾ അമ്പരപ്പിക്കുന്ന നൃത്തം അവതരിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്യുന്നു. സംഗീതത്തിനും ലൈറ്റിങ്ങിനും അനുസരിച്ച് കൃത്യതയോടെയും താളത്തോടെയും ചടുലമായ നൃത്തപ്രകടനമാണ് റോബോട്ടുകൾ കാഴ്ചവെച്ചത്. നൃത്തവേദികൾ അടക്കമുള്ളവയിൽനിന്ന് മനുഷ്യരെ മാറ്റിനിർത്തുന്നതിന് പകരം പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ നിർമിതബുദ്ധിക്കും റോബോട്ടിക്‌സിനും എങ്ങനെ കഴിയും എന്ന് പ്രദർശിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.