ആര്‍.ബി.ഐയുടെ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം റെക്കോഡ് ഉയരമായ 100 ബില്യണ്‍ ഡോളര്‍ (8.79 ലക്ഷം കോടി രൂപ)കടന്നു. ഒക്ടോബര്‍ 10ന് അവസാനിച്ച ആഴ്ചയിലെ വില പ്രകാരമുള്ള മൂല്യമാണ് 102.365 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്. ഇതോടെ രാജ്യത്തെ മൊത്തം വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം 14.7 ശതമാനമായി. 1996-97ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതാണിത്.ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 4,300 ഡോളര്‍ കടന്നതും ആര്‍ബിഐ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് കുതിപ്പിന് കാരണം. അതേസമയം, 2025ല്‍ സ്വര്‍ണം വാങ്ങുന്നതിന്റെ അളവില്‍ റിസര്‍വ് ബാങ്ക് കുറവുവരുത്തിയിട്ടുണ്ട്. മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം 697.784 ബില്യണായി കുറയുകയും ചെയ്തു.
കഴിഞ്ഞ ദശാബ്ദത്തിനിടെ ആര്‍ബിഐ ക്രമാനുഗതമായി സ്വര്‍ണം വാങ്ങിക്കൂട്ടിയത് കരുതല്‍ ശേഖരം വര്‍ധിക്കാന്‍ സഹായകമായി.2025ല്‍ ആര്‍ബിഐയുടെ സ്വര്‍ണ നിക്ഷേപത്തിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2025ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ (ജനുവരി-സെപ്റ്റംബര്‍) വാങ്ങിയത് നാല് ടണ്‍ സ്വര്‍ണം മാത്രമാണ്. 2024ല്‍ ഇതേകാലയളവില്‍ 50 ടണ്‍ ആയിരുന്നു ശേഖരിച്ചത്.
സ്വര്‍ണത്തിന്റെ മൂല്യം കൂടിയെങ്കിലും രാജ്യത്തെ മൊത്തം വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒക്ടോബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 2.176 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 697.784 ബില്യണ്‍ ഡോളറായി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 699.96 ബില്യണ്‍ ഡോളറായിരുന്നു.
ഒരു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് കൈവശം വെക്കുന്ന ആസ്തിയാണ് വിദേശനാണ്യ കരുതല്‍ ശേഖരം. യു.എസ് ഡോളര്‍, യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ് തുടങ്ങിയ കറന്‍സികളിലാണ് പ്രധാനമായും ഇത് സൂക്ഷിക്കുന്നത്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാനായി ആര്‍.ബി.ഐ ഡോളര്‍ വില്‍ക്കുക ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. രൂപയുടെ മൂല്യം ശക്തമാകുമ്പോള്‍ ഡോളര്‍ വാങ്ങുകയും ദുര്‍ബലമാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നത് ആര്‍.ബി.ഐയുടെ നയപരമായ തന്ത്രത്തിന്റെ ഭാഗമാണ്.